ഹിമാചലിൽ ഓപ്പറേഷൻ ലോട്ടസ് മുന്നിൽ കണ്ട് കോണ്‍ഗ്രസ്: ഫലസൂചനകൾ അനുകൂലമായാൽ എംഎൽഎമാരെ മാറ്റും
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഫലം അൽപസമയത്തിനകം പുറത്തു വരാനിരിക്കെ കോണ്‍ഗ്രസ് ക്യാംപിൽ ആലോചനകൾ ശക്തം. രണ്ട് സംസ്ഥാനങ്ങളിലും എന്തെങ്കിലും രീതിയിൽ അനുകൂലമായ ട്രെൻഡ് ഉണ്ടാവുന്ന പക്ഷം എംഎൽഎമാരെ റിസോര്‍ട്ടിലേക്കോ രാജസ്ഥാനിലേക്കോ മാറ്റാനാണ് ഹൈക്കമാൻഡിൻ്റെ ആലോചന.
ഹിമാചലിൽ കരുതലോടെ നീങ്ങാൻ എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫലം അനുകൂലമെങ്കിൽ എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റും. രാജസ്ഥാനിലെയോ, ഛത്തീസ്‍ഗഢിലെയോ റിസോർട്ടിലേക്ക് മാറ്റും. വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നിൽക്കരുതെന്നും നേതാക്കൾക്ക് നിർദേശമുണ്ട്.
ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ ഗുജറാത്ത് പിസിസി തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടിയെടുക്കാനാണ് പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലെ ധാരണ.എം എൽ എമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും.