യുപി നിയമസഭാ തിരഞ്ഞെടുപ്പ്: വനിതകള്‍ക്ക് പ്രത്യേക പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം, സംവരണ വ്യവസ്ഥകള്‍ക്കനുസൃതമായി 40 ശതമാനം തസ്തികകളില്‍ വനിതാ നിയമനം, വൃദ്ധ വിധവകള്‍ക്ക് 1000 രൂപ പെന്‍ഷന്‍, സംസ്ഥാനത്തെ ധീര വനിതകളുടെ പേരില്‍ 75 സ്‌കില്‍ സ്‌കൂളുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

Update: 2021-11-01 14:16 GMT

ലഖ്‌നൗ: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി പ്രത്യേക പ്രകടനപത്രിക തയ്യാറാക്കിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി 40 ശതമാനം സീറ്റുകളില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വോട്ട് ബാങ്കില്‍ ഏകദേശം പകുതിയോളം വരുന്ന സ്ത്രീകളെ അധികാരത്തില്‍ സമ്പൂര്‍ണ പങ്കാളി ആക്കാനാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

'ഉത്തര്‍പ്രദേശിലെ എന്റെ പ്രിയ സഹോദരിമാരെ, നിങ്ങളുടെ ഓരോ ദിവസവും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. ഇത് മനസിലാക്കിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടനപത്രിക തയ്യാറാക്കിയത്'- ഹിന്ദിയില്‍ അവര്‍ ട്വീറ്റ് ചെയ്തു.

'കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വര്‍ഷം തോറും മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും, കൂടാതെ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.' ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പട്ടികപ്പെടുത്തുന്ന ഒരു ചിത്രവും പ്രിയങ്ക ഗാന്ധി ട്വീറ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.

ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം, സംവരണ വ്യവസ്ഥകള്‍ക്കനുസൃതമായി 40 ശതമാനം തസ്തികകളില്‍ വനിതാ നിയമനം, വൃദ്ധ വിധവകള്‍ക്ക് 1000 രൂപ പെന്‍ഷന്‍, സംസ്ഥാനത്തെ ധീര വനിതകളുടെ പേരില്‍ 75 സ്‌കില്‍ സ്‌കൂളുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

12ാം ക്ലാസ് പാസായ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്നും തന്റെ പാര്‍ട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ എല്ലാ ബിരുദധാരികള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നും അവര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags: