കോണ്‍ഗ്രസ്സും പ്രശാന്ത് കിഷോറും വഴിപിരിയുന്നു ?

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല നടന്ന സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടന്ന ഇടപെടലുകളെക്കുറിച്ച് പരിഹാസരൂപത്തില്‍ പ്രശാന്ത് ചെയ്ത ട്വീറ്റാണ് ഇരുപക്ഷത്തിനുമിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് വ്യക്തമാവുന്നത്.

Update: 2021-10-09 07:29 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും 2024 ലെ ലോക്‌സഭാ പോരാട്ടത്തിന് സജ്ജമാക്കാനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചയാളാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഈ മാസം ആദ്യം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടി പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനത്തേക്ക് വരുമെന്നതുമുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് പ്രശാന്തിനും കോണ്‍ഗ്രസിനും ഇടയിലുള്ള ബന്ധം വഷളായെന്ന സൂചനകള്‍ പുറത്തേക്കുവരുന്നത്.

ശരിക്കൊന്ന് കൈകോര്‍ക്കുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ്സും പ്രശാന്ത് കിഷോറുമായി വഴിപിരിയുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല നടന്ന സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടന്ന ഇടപെടലുകളെക്കുറിച്ച് പരിഹാസരൂപത്തില്‍ പ്രശാന്ത് ചെയ്ത ട്വീറ്റാണ് ഇരുപക്ഷത്തിനുമിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് വ്യക്തമാവുന്നത്. ലഖിംപൂരില്‍ ഇപ്പോള്‍ നടത്തിയ ഇടപെടല്‍ മുത്തശ്ശിപ്പാര്‍ട്ടിക്ക് അടിയന്തര പുനരുജ്ജീവനം നല്‍കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നതായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്.

മുത്തശ്ശിപ്പാര്‍ട്ടിയുടെ അടിത്തട്ടിലും ഘടനയിലുമുള്ള ഗൗരവതരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ മിന്നല്‍ മിനുക്കുപണികളൊന്നും മതിയാവില്ല എന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു. പ്രശാന്തിന്റെ ട്വീറ്റിന് ഉടന്‍തന്നെ കോണ്‍ഗ്രസ് ചുട്ടമറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുഖ്യവക്താവ് റണ്‍ദീപ് സുര്‍ജേവാലയാണ് പ്രശാന്തിന് മറുപടി നല്‍കിയത്. ലഖിംപൂര്‍ സംഭവങ്ങളെ രാഷ്ട്രീയ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും തട്ടില്‍ വിലയിരുത്തുന്നത് കടുത്ത അപരാധമാണെന്നും ഒരു ഉപദേശകന്റെ പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുര്‍ജേവാല പ്രതികരിച്ചു.

നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം താത്പര്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രാഹുലുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. എന്നാല്‍, എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തക സമിതി അംഗമായും പ്രശാന്ത് കിഷോറിനെ നേരിട്ട് നിയമിക്കുന്നതിനെതിരേ മുതിര്‍ന്ന ചില നേതാക്കള്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശകരായ ജി-23 നേതാക്കളും ഇതിനോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഒരുവിഭാഗം നേതാക്കളുടെ കടുത്ത നിലപാട് മൂലം പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശനം ത്രിശങ്കുവിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റുകൂടി വന്നിരിക്കുന്നത്. ഇതിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മില്‍ ട്വിറ്ററിലും പോര് തുടങ്ങിയിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയില്‍ മമതാ തൃണമൂല്‍ വിമര്‍ശനമുന്നയിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും തൃണമൂലും തമ്മിലാണ് വാക്‌പോര് തുടങ്ങിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേക്കേറിയതിന് പിന്നില്‍ പ്രശാന്ത് കിഷോറിലെ പലരും സംശയിക്കുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് എംപിയും വനിതാ വിഭാഗം മേധാവിയുമായ സുസ്മിത ദേവവും മുന്‍ ഗോവ മുഖ്യമന്ത്രി ലുയിസിന്‍ഹോ ഫലെറോയെയും തൃണമൂലില്‍ ചേര്‍ന്നതിനെയാണ് ഭാഗേല്‍ പരാമര്‍ശിച്ചത്. എന്നാല്‍, ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണെന്നും ഹൈക്കമാന്റിനെ തൃപ്തിപ്പെടുത്താനാണ് ഭാഗേലിന്റെ വിമര്‍ശനമെന്നുമാണ് തൃണമൂല്‍ തിരിച്ചടിച്ചത്. പുതിയ സാഹചര്യത്തില്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം അടഞ്ഞ അധ്യായമായി മാറുകയാണോയെന്ന സംശയമാണ് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഉയര്‍ന്നുവരുന്നത്.

Tags:    

Similar News