രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവം; ബിജെപി എംപിമാര്‍ക്കെതിരേ ഛത്തീസ്ഗഢിലും കേസ്

മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു

Update: 2022-07-05 04:58 GMT

ഛത്തീസ്ഗഢ്: രാഹുല്‍ ഗാന്ധിയുടെ വീഡിയോ വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ ബിജെപി എംപിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പോലിസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.വീഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് ചാനലിലെ അവതാരകന്‍ രോഹിത് രഞ്ജന്റെ വീട്ടില്‍ ഛത്തീസ്ഗഢ് പോലിസ് എത്തിയിട്ടുണ്ടെന്നും അവതാരകനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

രാജസ്ഥാന്‍ പോലിസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.കുറ്റകരമായ ഗൂഢാലോചന,വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ മൂര്‍ച്ഛിപ്പിക്കല്‍ തുടങ്ങി ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ ഇട്ടത്. ഐപിസി 504, 153എ, 295എ, 120ബി തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.

വയനാട്ടിലെ തന്റെ എംപി ഓഫിസില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ പറഞ്ഞത് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവരെ കുറിച്ചാണെന്ന രീതിയില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍ തന്റെ ഷോയില്‍ അവതരിപ്പിച്ചുവെന്ന് പരാതി.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നേതാക്കള്‍ക്കെതിരെ 24 മണിക്കൂറിനകം കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പോലിസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡയ്ക്ക് കോണ്‍ഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാന്‍ ബിജെപി തയ്യാറാകാത്ത സാഹചര്യത്തിലാണു പോലിസിനെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Tags:    

Similar News