ബിജെപിയുടെ അക്ഷയശ്രീ കുടുംബശ്രീയെ തകർക്കാനെന്ന് എൽഡിഎഫ്
ബിജെപി - ആർഎസ്എസ് പദ്ധതി അക്ഷയ ശ്രീയ്ക്കെതിരേ ഇടത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീയെ തകർക്കാൻ വേണ്ടി, ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇതെന്ന് തോമസ് ഐസക് പറയുന്നു.
കൊച്ചി: കേന്ദ്ര സർക്കാരിന്റെ സഹകാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയശ്രീയിലൂടെ കേരളത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നടപടികളെ സസൂക്ഷ്മം നിരീക്ഷിച്ച് എൽഡിഎഫ്.
1998 മെയ് 17ന് അടൽ ബിഹാരി വാജ്പെയ് സർക്കാർ ഉദ്ഘാടനം ചെയ്ത കുടുംബശ്രീ പദ്ധതി കേരളത്തിൽ സിപിഎമ്മിന് ശക്തമായ അടിത്തറയാണ് ഉണ്ടാക്കിക്കൊടുത്തത്. ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യ നിർമാർജനം എന്ന ദൗത്യമായി സർക്കാർ ആരംഭിച്ച പദ്ധതി ക്രമേണ സിപിഎമ്മിന്റെ രാഷ്ട്രീയ ശൃംഖലയായി മാറുകയായിരുന്നു.
പല പ്രവർത്തകരും കുടുംബശ്രീയിൽ ചേരുന്നതോടെ സിപിഎമ്മിലേക്ക് പോകുന്നുണ്ടെന്ന് പരസ്യമായിത്തന്നെ കോൺഗ്രസും ബിജെപിയും സമ്മതിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് കൊണ്ടാണ് 2006ൽ കോൺഗ്രസ് ജനശ്രീ സുസ്ഥിര വികസന മിഷൻ ആരംഭിക്കുന്നത്. എന്നാൽ നേതാക്കളുടെ പിടിപ്പുകേട് മൂലം ഇത് കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല.
ബിജെപി - ആർഎസ്എസ് പദ്ധതി അക്ഷയ ശ്രീയ്ക്കെതിരേ ഇടത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീയെ തകർക്കാൻ വേണ്ടി, ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇതെന്ന് തോമസ് ഐസക് പറയുന്നു.
കുടുംബ ശ്രീയെ തകർക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് കോൺഗ്രസ് ജനശ്രീയുമായി വന്നത്. എന്നാൽ അത് പരാജയപ്പെട്ടു. അതേ പാതയിലാണ് ഇപ്പോൾ ആർഎസ്എസും അക്ഷയ ശ്രീയുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിലുപരിയായി കുടുംബശ്രീയെ തകർക്കുക എന്നത് തന്നെയാണ് ഇവരുടെയും ഉദ്ദേശം. എന്നാൽ ശക്തമായ കാംപയിനിൽ ഇവരുടെ അജണ്ടകളെ തുറന്നു കാട്ടും. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
