പ്രധാനമന്ത്രിയുടെ റാലിയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് നേതാവിന് നേരെ വെടിയുതിർത്തു

കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്ക് കടന്ന യാദവ്, നവംബർ 16 ന് സുൽത്താൻപൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

Update: 2022-01-04 13:08 GMT

ലഖ്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ മൂന്ന് അജ്ഞാതരായ അക്രമികൾ കോൺഗ്രസ് നേതാവ് റീത്ത യാദവിന് നേരെ വെടിയുതിർത്തു. ഞായറാഴ്ച വൈകുന്നേരമാണ് സുൽത്താൻപൂരിലെ കോൺഗ്രസ് നേതാവിന്റെ കാലിന് വെടിയേറ്റത്. 35കാരിയായ റീത്ത യാദവ് ആശുപത്രിയിലാണ്, അപകടനില തരണം ചെയ്തു.

കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്ക് കടന്ന യാദവ്, നവംബർ 16 ന് സുൽത്താൻപൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

ലഖ്‌നോ-വരാണസി ഹൈവേയിൽ മൂന്ന് അക്രമികൾ തന്റെ ഡ്രൈവറെ തോക്കിൻ മുനയിൽ നിർത്തി വെടിയുതിർക്കുകയായിരുന്നെന്ന് യാദവ് പറഞ്ഞതായി പോലിസ് പറഞ്ഞു. സുൽത്താൻപൂരിലെ ലംഹുവ പോലിസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യാദവിന്റെയും ഡ്രൈവർ മുസ്തക്കീമിന്റെ മൊഴി രേഖപ്പെടുത്തുകയും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തതായി സുൽത്താൻപൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് വിപുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു. യാദവ് വാടകയ്‌ക്കെടുത്ത എസ്‌യുവിയുടെ ഉടമസ്ഥനായ പ്രദേശവാസിയായ മുസ്‌കീം (50) പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

അത്യാധുനിക ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തിന് ഇതുവരെ ദൃക്‌സാക്ഷികളെ കണ്ടെത്താനായിട്ടില്ല. ലഖ്‌നോ-വരാണസി എക്‌സ്‌പ്രസ്‌വേയിലെ ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ, കറുത്ത മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ അവരുടെ വാഹനം ബലമായി തടഞ്ഞുനിർത്തി വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു.