സുപ്രിംകോടതിയുടെ സമിതിയില്‍ നാലില്‍ മൂന്നുപേരും നിയമത്തെ അനുകൂലിക്കുന്നവര്‍; സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നു
സമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാരാണോ നിര്‍ദേശിച്ചത് എന്ന് വ്യക്തമാക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കാര്‍ഷിക നിമയങ്ങള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ നില്‍കി സുപ്രിംകോടതി നിയോഗിച്ച സമിതിക്കെതിരേ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വമാണ് വിമർശനവുമായി രംഗത്തുവന്നത്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. സമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാരാണോ നിര്‍ദേശിച്ചത് എന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാല്‍ ചോദിച്ചു.
ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുപ്രിംകോടതി ഇടപെടലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാല്‍ ഉത്തരവ് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധനിയമം പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ നിലപാടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച്എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രിംകോടതി അറിയിച്ചിരുന്നു.
