ധബോല്‍ക്കറുടെ തലക്കു തന്നെ വെടിവെക്കണമെന്നു നിര്‍ദേശിച്ചത് സനാതന്‍ സന്‍സ്ത നേതാവ് വീരേന്ദ്ര താവഡെ

Update: 2019-06-27 12:00 GMT

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകനും യുക്തിവാദി നേതാവുമായ നരേന്ദ്ര ധബോല്‍ക്കറുടെ തലക്കു പിന്നില്‍ തന്നെ വെടിവെക്കണമെന്നു തന്നോടു നിര്‍ദേശിച്ചത് സനാതന്‍ സന്‍സ്ഥ നേതാവ് വീരേന്ദ്ര താവഡെയാണെന്നു കേസിലെ പ്രതി ശരത് കലാസ്‌കര്‍. കര്‍ണാടക പോലിസ് രേഖപ്പെടുത്തിയ മൊഴിയിലാണ് ധബോല്‍കര്‍ വധത്തെ കുറിച്ചു കലാസ്‌കര്‍ വിവരിക്കുന്നത്. 

പ്രഭാത സവാാരിക്കിറങ്ങിയപ്പോഴായിരുന്നു കൊലപാതകം. ധബോല്‍കറെ പിന്നില്‍ നിന്നു തലക്കു വെടിവെക്കുകയാണ് ചെയ്തത്. വെടിയേറ്റു ധബോല്‍കര്‍ നിലത്തു വീണതോടെ വലതു കണ്ണിന്റെ മുകളിലായി വീണ്ടും വെടിവച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു ആക്രമണം.

തലക്കു പിന്നില്‍ തന്നെ വെടിവെക്കണമെന്നു നിര്‍ദേശിച്ചത് മുഖ്യ ആസൂത്രകനും സനാതന്‍ സന്‍സ്ത നേതാവുമായ വീരേന്ദ്ര താവഡെയാണ്. സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കാന്‍ വേണ്ടിയായിരുന്നു ഈ നിര്‍ദേശം. ഗൗരി ലങ്കേഷ് വധക്കേസിലെ ഒന്നാം പ്രതി അമോല്‍ കാലെയെ പരിചയപ്പെടുത്തിയതും താവഡെയാണ്.

ഹിന്ദുത്വ വിമര്‍ശകരായ ആളുകളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി ബോംബ് സ്‌ഫോടനത്തിലും ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചിരുന്നു.

ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിലും തനിക്ക് പങ്കുണ്ട്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനായി കൂടിയ നിരവധി രഹസ്യയോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും ശരത് കലാസ്‌കറുടെ മൊഴിയില്‍ പറയുന്നു.

2013 ആഗസ്തിലായിരുന്നു ധബോല്‍ക്കറെ ഹിന്ദുത്വര്‍ വെടിവച്ചു കൊന്നത്. 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയെ കൊന്നു. ഇതേ വര്‍ഷം ആഗസ്ത് മാസത്തില്‍ കാല്‍ബുര്‍ഗിയെയും കൊലപ്പെടുത്തി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് ധാബോല്‍ക്കര്‍ വധക്കേസില്‍ ശരത് കലാസ്‌കറെ അറസ്റ്റ് ചെയ്തത്. കലാസ്‌കറെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് യുക്തിവാദികളെ കൊന്നതിലും ഇയാളുള്‍പ്പെടുന്ന സംഘത്തിനുള്ള ബന്ധം വെളിപ്പെട്ടത്. 

Tags:    

Similar News