മസ്ജിദുകൾക്കും ഇളവ് ബാധകമാക്കണം: ഇമാംസ് കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനോട് ഗുണകാംക്ഷാപൂർവ്വം പൂർണമായി സഹകരിച്ചവരാണ് പള്ളി ഇമാമുമാരും മഹല്ല് ഭാരവാഹികളും.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ മസ്ജിദുകൾക്കും ഇളവ് ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഇമാംസ് കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക്ക്ഡൗൺ വ്യവസ്ഥകളിൽ വെള്ളിയാഴ്ച കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇമാംസ് കൗൺസിൽ നിവേദനം നൽകിയത്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനോട് ഗുണകാംക്ഷാപൂർവ്വം പൂർണമായി സഹകരിച്ചവരാണ് പള്ളി ഇമാമുമാരും മഹല്ല് ഭാരവാഹികളും. ലോക്ക്ഡൗൺ വ്യവസ്ഥകളിൽ വെള്ളിയാഴ്ച കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ച അവസരത്തിൽ മുസ്ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനയായ ജുമുഅയെ ഉൾപ്പെടുത്താത്തത് ഖേദപൂർവ്വം ഓർമ്മിപ്പിക്കുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
എംഎൽഎമാർക്കൊപ്പം പത്രക്കാരും ജീവനക്കാരുമുൾപ്പെടെ 140 ലധികം ആളുകൾ അകലം പാലിച്ച് നിയമസഭയിൽ സമ്മേളിക്കുന്നുണ്ട്. അതിന്റെ പേരിൽ ഒരു അനർഥവും ഇവിടെ ഉണ്ടാവുന്നില്ല. ഇതു പോലെ വലിപ്പമുള്ള പള്ളികളും ആരാധനാലയങ്ങളും കേരളത്തിലുണ്ട്. അകലം പാലിച്ച് പ്രാർഥിക്കാൻ അവസരങ്ങൾ നൽകിയാൽ ഒരു ബുദ്ധിമുട്ടും വരില്ല. ആരാധനാലയങ്ങളിൽ കുളിച്ചൊരുങ്ങി വരുന്നവർ പിന്നെയും അംഗശുദ്ധി വരുത്തിയാണ് പ്രവേശിക്കുന്നത്. അതിനാൽ ആരാധനാലയങ്ങൾ അടച്ചിടേണ്ടതില്ല. അതു തുറക്കാൻ സംവിധാനമുണ്ടാക്കണം എന്ന് ബഹുമാനപ്പെട്ട എംഎൽഎ കുറുക്കോളി മൊയ്തീൻ നിയമസഭാ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചത് മുസ് ലിം പൊതു മനസ്സിന്റെ കൂടി ശക്തമായ വികാരമാണെന്ന് സർക്കാർ മനസ്സിലാക്കണമെന്ന് നിവേദനത്തിൽ പറയുന്നു.
