കേന്ദ്ര നയങ്ങൾക്കെതിരേ യോജിച്ച പ്രചരണത്തിന് പ്രതിപക്ഷ കക്ഷികൾ
വിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ, യുഎപിഎ, ദേശദ്രോഹക്കുറ്റം എന്നീ വിഷയങ്ങളിലും പ്രചരണ-പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ശരത് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക തകർച്ച, മോദി സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ, ജനാധിപത്യ-മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടി യോഗത്തിൽ പൊതുധാരണ. മൂന്നുവർഷം മുമ്പ് രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ മുൻകയ്യിലാണ് ബുധനാഴ്ച്ച യോഗം വിളിച്ചുചേർത്തത്.
സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും വിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ, യുഎപിഎ, ദേശദ്രോഹക്കുറ്റം എന്നീ വിഷയങ്ങളിലും പ്രചരണ-പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ശരത് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇതിൽ കോൺഗ്രസിന്റെ പങ്കാളിത്തത്തെ കുറിച്ചും യോഗത്തിൽ ചർച്ചയായി. അവരുമായി കൂടുതൽ ചർച്ചകൾ നടത്തുന്നതിനുള്ള നിർദേശവും യോഗത്തിലുണ്ടായി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ, ബിനോയ് വിശ്വം എംപി (സിപിഐ ), നീലോല്‍പ്പല്‍ ബസു (സിപിഎം), ഘനശ്യാം തിവാരി (എസ് പി), ജയന്ത് ചൗധരി (ആര്‍എല്‍ഡി), സുശീല്‍ ഗുപ്ത ( എഎപി), നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുല്ല, മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝാ, മുന്‍ ജെഡിയു നേതാവ് പവന്‍ വര്‍മ്മ എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് എ പി ഷാ, ജാവേദ് അക്തര്‍, കെ സി സിങ് എന്നിവരും പവാറിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
വൈകിയാണെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന ദേശീയ-രാഷ്ട്രീയ പ്രശ്നങ്ങളിൽ സമാന നിലപാടുകളുള്ളവർക്ക് യോജിക്കാവുന്ന സാധ്യതകൾ ഉപയോഗിക്കണമെന്ന പൊതുചിന്തയാണ് യോഗത്തിൽ ഉയർന്നത്.
