വനിതാ ഗുസ്തി താരങ്ങളെ ബിജെപി നേതാവായ ഡബ്ല്യുഎഫ്‌ഐ അധ്യക്ഷന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; ഫെഡറേഷനോട് വിശദീകരണം തേടി കേന്ദ്രം

Update: 2023-01-19 03:29 GMT

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണത്തില്‍ കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഇടപെടല്‍. സംഭവത്തില്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്‌ഐ) വിശദീകരണം തേടി. 72 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കായികമന്ത്രാലയം ആവശ്യപ്പെട്ടു. മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ലഖ്‌നോവിലെ ദേശീയ ഗുസ്തി ക്യാംപ് റദ്ദാക്കി.

ഒളിംപ്യന്‍ വിനേഷ് ഫോഗട്ട്, ഒളിംപിക് മെഡല്‍ ജേതാക്കളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വനിതാ കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. ബ്രിജ് ഭൂഷണ്‍ നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോടും പോലും മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ പറയുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രക്ഷോഭത്തിലാണ്. ടോക്കിയോ ഒളിമ്പിക്‌സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു.

ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കും ഫോഗട്ട് മുന്നറിയിപ്പ് നല്‍കി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ബജ്‌റംഗ് പുനിയ പറഞ്ഞു. ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്തവരാണ്. നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്‌റങ് പുനിയ ആവശ്യപ്പെട്ടു.

Tags:    

Similar News