ഫാസ്ടാഗില്‍ തുക ഉണ്ടായിട്ടും ടോള്‍ പ്ലാസയില്‍ കാര്‍ തടഞ്ഞ് പിഴ അടയ്ക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി

കുഴൂര്‍ കൊടിയന്‍ വീട്ടില്‍ കെ ഡി ജോയിക്കാണ് ടോള്‍പ്ലാസയില്‍വച്ച് ദുരനുഭവം ഉണ്ടായത്.

Update: 2021-02-16 09:02 GMT

തൃശൂര്‍: ഫാസ്ടാഗില്‍ 2,900 രൂപ ഉണ്ടായിട്ടും ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരനെ തടഞ്ഞ് ഇരട്ടിത്തുക പിഴ അടയ്ക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ടോള്‍ പ്ലാസ അധികൃതര്‍ യാത്രക്കാരന്റെ ലൈസന്‍സ് അനധികൃതമായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കുഴൂര്‍ കൊടിയന്‍ വീട്ടില്‍ കെ ഡി ജോയിക്കാണ് ടോള്‍പ്ലാസയില്‍വച്ച് ദുരനുഭവം ഉണ്ടായത്.

ശനിയാഴ്ചയാണ് ജോയി പ്ലാസയിലൂടെ സഞ്ചരിച്ചത്. ഫാസ്ടാഗ് റീഡ് ചെയ്തില്ലെന്ന് ആരോപിച്ച് തടഞ്ഞുവച്ചു. ടാഗില്‍ നിന്നു പണം കിട്ടാത്തത് ടോള്‍ പ്ലാസയില സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാഗ് റീച്ചാര്‍ജ് ചെയ്തിട്ടുള്ളതാണെന്നും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും പോകാന്‍ അനുവദിച്ചില്ല. ലൈസന്‍സ് ബലമായി പിടിച്ചു വച്ച അധികൃതര്‍ ജോയിയേയും ഒപ്പമുണ്ടായിരുന്നവരേയും ഏറെ നേരം പിടിച്ചുനിര്‍ത്തുകയും ചെയ്തു.

ലൈസന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഇരട്ടിത്തുക പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു. ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്തിട്ടുള്ളതിനാല്‍ പിഴ അടയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ജോയി ലൈസന്‍സ് പിടിച്ചെടുത്തതായി എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടോള്‍ പ്ലാസ അധികൃതര്‍ അതിന് വഴങ്ങിയില്ല. ഒടുവില്‍ പുതുക്കാട് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ഫാസ്ടാഗ് അക്കൗണ്ടില്‍ തുക ബാക്കിയുള്ളത് ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതോടെ പോലിസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Tags:    

Similar News