സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; മന്ത്രി ജി സുധാകരനെതിരേ കേസെടുക്കാന്‍ ഉത്തരവ്

സുധാകരന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് ജി സുധാകരന് കോടതി സമന്‍സ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുചേര്‍ത്ത് കേസെടുക്കാനാണ് പോലിസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Update: 2019-02-05 08:05 GMT

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് ജി സുധാകരന് കോടതി സമന്‍സ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുചേര്‍ത്ത് കേസെടുക്കാനാണ് പോലിസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷ്മിത്തോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. സിപിഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ വനിതയെ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. മന്ത്രിയുടെ നടപടിക്കെതിരേ ഇവര്‍ ആദ്യം പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് മന്ത്രിക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ്.

Tags: