ഓട്ടോ കാത്തുനിന്ന റിട്ടയേഡ് അധ്യാപകനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

കിളിമാനൂര്‍ ചൂട്ടയില്‍ ഇളയിടത്ത് വീട്ടില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ (67) നാണ് മര്‍ദ്ദനമേറ്റത്.

Update: 2019-07-06 03:45 GMT

കിളിമാനൂര്‍: വീട്ടിലേക്ക് പോവാന്‍ വാഹനം കാത്തുനിന്ന റിട്ടയേഡ് പ്രഥാനധ്യാപകനെ എസ്‌ഐ മര്‍ദിച്ചതായി പരാതി. കിളിമാനൂര്‍ ചൂട്ടയില്‍ ഇളയിടത്ത് വീട്ടില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ (67) നാണ് മര്‍ദ്ദനമേറ്റത്.

രാത്രി വാഹനം കാത്തുനില്‍ക്കവെ അതുവഴിയെത്തിയ കിളിമാനൂര്‍ എസ്‌ഐ ബി കെ അരുണ്‍ ലാത്തി ഉപയോഗിച്ച് അകാരണമായി മര്‍ദ്ദിക്കുകയും മര്‍ദ്ദനത്തില്‍ അരക്കെട്ടിന്റെ പിന്‍ഭാഗം പൊട്ടിയെന്നുമാണ് വിജയകുമാര്‍ പരാതിയില്‍ പറയുന്നത്. എസ്‌ഐക്കെതിരേ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂണ്‍ 28ന് രാത്രി ഒമ്പതിനാണ് പോലിസ് മര്‍ദ്ദനമേറ്റത്. കിളിമാനൂര്‍ ടൗണില്‍ പോയശേഷം മുക്ക്‌റോഡ് കവലയില്‍ ഓട്ടോക്കായി കാത്തുനില്‍ക്കുകയായിരുന്നു വിജയകുമാര്‍. ഈ സമയം ജീപ്പിലെത്തിയ എസ് ഐ അരുണ്‍ പ്രകോപനമേതുമില്ലാതെ ഇരുവശവും പിത്തള പൊതിഞ്ഞ ലാത്തി ഉപയോഗിച്ച് അരക്കെട്ടിന്റെ പിന്‍ഭാഗത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറി പോവുകയും ചെയ്തു. അടിയേറ്റ രണ്ട് ഭാഗവും പൊട്ടി ചോര ഒലിച്ചു.

വേദന കൊണ്ട് നിലവിളിച്ച വിജയകുമാര്‍ പിന്നീട് ഓട്ടോയില്‍ വീട്ടിലേക്ക് പോയി. രണ്ട് ദിവസം യാത്ര ചെയ്യാനാകാതെ വീട്ടില്‍ കിടന്നശേഷം ജൂലൈ ഒന്നിനാണ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യലഹരിയിലായിരുന്ന വിജയകുമാറിനെ ഓട്ടോയില്‍ കയറ്റിവിട്ടത് താനാണെന്നുമാണ് എസ്‌ഐയുടെ വാദം.

Tags: