ഹരിതകര്‍മ സേനാംഗങ്ങള്‍ക്കെതിരേ ജാതീയപരാമര്‍ശമെന്ന് പരാതി; കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്

Update: 2025-11-05 07:57 GMT

കൊച്ചി: ഹരിത കര്‍മ സേനാംഗങ്ങള്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. ഷൈജന്‍ തോട്ടപ്പള്ളിക്കെതിരെയാണ് എസ് സി, എസ്ടി ആക്ട് പ്രകാരം കേസെടുത്തത്. പഞ്ചായത്തിന്റെ വികസന രേഖകള്‍ വീടുകള്‍ തോറും എത്തിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യത്തെ ഹരിത കര്‍മ സേനാംഗങ്ങള്‍ എതിര്‍ത്തതോടെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ഹരിത കര്‍മ സേനാംഗങ്ങളുടെ യോഗത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം.

പഞ്ചായത്തിന്റെ വികസന രേഖ വീടുകള്‍ തോറും കയറി കൊടുക്കാന്‍ കഴിയില്ല എന്ന് ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് മറുപടിയായി ജോലി കളയും എന്ന ഭീഷണിയായിരുന്നു ഷൈജന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് ഹരിതകര്‍മ സേനാംഗങ്ങളും ഷൈജനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടെ ഷൈജന്‍ ഹരിതകര്‍മ സേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്നാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ഷൈജനോടൊപ്പമുണ്ടായിരുന്ന ഷാജന്‍ എന്ന പഞ്ചായത്ത് ഡ്രൈവര്‍ക്കെതിരെയും കേസുണ്ട്.