തെലങ്കാനയിലെ വര്‍ഗീയ കലാപമേഖല സന്ദര്‍ശനം; ബിജെപി എംപി ഉള്‍പ്പെടെ 40 പേര്‍ കസ്റ്റഡിയില്‍

600 ഓളം പോലിസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഇരുവിഭാഗം സമുദായ നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും നിര്‍മ്മല്‍ ജില്ലാ പോലിസ് മേധാവി വിഷ്ണു വാര്യര്‍ പറഞ്ഞു.

Update: 2021-03-10 11:48 GMT

ന്യൂഡല്‍ഹി: തെലങ്കാന ടൗണിലെ വര്‍ഗീയ കലാപം അരങ്ങേറിയ ഭൈന്‍സ മേഖല സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ ബിജെപി എംപി ഉള്‍പ്പെടെയുള്ളവരെ പോലിസ് വീട്ടുതടങ്കലില്‍ കസ്റ്റഡിയിലെടുത്തു. നിസാമാബാദില്‍ നിന്നുള്ള ബിജെപി എംപി അരവിന്ദ് ധര്‍മപുരിയെയാണ് വീട്ടുതടങ്കലിലാക്കിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40ഓളം പേരെ അറസ്റ്റ് ചെയ്തതായും തെലങ്കാന പോലിസ് അറിയിച്ചു.

    തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഭൈന്‍സ പ്രദേശത്താണ് ഞായറാഴ്ച രാത്രി ഇരു സമുദായങ്ങളില്‍ പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയെന്നാണ് പോലിസ് പറയുന്നത്. ബൈക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രണ്ടുപേര്‍ തമ്മിലുള്ള വാഗ്വാദം ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഇരുവരും തങ്ങളുടെ ആളുകളെ വിളിച്ചറിയിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ മറ്റു മേഖലകളിലേക്കും വ്യാപിച്ചെന്നും പോലിസ് പറഞ്ഞു.

    600 ഓളം പോലിസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഇരുവിഭാഗം സമുദായ നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും നിര്‍മ്മല്‍ ജില്ലാ പോലിസ് മേധാവി വിഷ്ണു വാര്യര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ 13 കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ പോലിസ് മേധാവി വിഷ്ണു വാരിയര്‍ ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു. പോലിസ് സ്ഥലത്തെത്തിയ ഉടനെ ജനക്കൂട്ടത്തെ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ ആശുപത്രി വിട്ടു. സ്വത്തുക്കള്‍, കാറുകള്‍, കടകള്‍, വീടുകള്‍ എന്നിവ നശിപ്പിച്ചതായും പോലിസ് പറഞ്ഞു.

    അതേസമയം, ഒരു പള്ളി ലക്ഷ്യമിട്ട് അക്രമികളെത്തിയെന്ന റിപോര്‍ട്ടുകള്‍ പോലിസ് നിഷേധിച്ചു. ഒരു പള്ളിക്ക് സമീപമാണ് സംഭവം നടന്നതെങ്കിലും അത് ലക്ഷ്യമിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കു നേരെ കല്ലെറിഞ്ഞതായി ഒരു ഉറുദു ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപി എംപി ധര്‍മ്മപുരി എഐഎംഐഎമ്മിനെ കുറ്റപ്പെടുത്തി. എന്നാല്‍ ഇത് രാഷ്ട്രീയപ്രസ്താവനയെന്നാണ് പോലിസ് പറയുന്നത്. ഞങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. സംഭവത്തില്‍ ഇരുപക്ഷത്തുനിന്നുമുള്ള രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും പോലിസ് പറഞ്ഞു.

    ധര്‍മ്മപുരിയെ വീട്ടുതടങ്കലിലാക്കിയ പോലിസ് നിരവധി ബിജെപി നേതാക്കളെ പ്രദേശം സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കസ്റ്റഡിയിലെടുത്തു. ആദിലാബാദില്‍ നിന്നുള്ള ബിജെപി എംപി സോയാം ബാപ്പു റാവുവിനെ ഭൈന്‍സ സന്ദര്‍ശിക്കുന്നതില്‍ നിന്നു ബാല്‍ക്കൊണ്ടയ്ക്ക് സമീപം പോലിസ് തടഞ്ഞു. അതിനിടെ, അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടു. അക്രമത്തെ അപലപിച്ച അദ്ദേഹം, ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Telangana Communal Clash: BJP MP Under House Arrest

Tags:    

Similar News