കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കു വന്നാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍

രാജ്യത്ത് ആദ്യമായി കൊവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാവുന്നത്

Update: 2020-05-10 19:17 GMT

ബെംഗളൂരു: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വൊറന്റൈന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ സൗജന്യമായോ നിരീക്ഷണ കേന്ദ്രങ്ങളാക്കിയ ഹോട്ടലുകളില്‍ പണം നല്‍കിയോ ആളുകള്‍ക്ക് നില്‍ക്കാം. കര്‍ണാടകയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവരായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

    രാജ്യത്ത് ആദ്യമായി കൊവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാവുന്നത്. ഇന്ന് 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി കൊവിഡ് രോഗികള്‍ എല്ലാം ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര യാത്രാ പശ്ചാത്തലമുള്ളവര്‍. കര്‍ണാടകയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇവരൊക്കെ ട്രെയിനിലും ബസ്സിലുമായി തിരിച്ചെത്തിയത്. ബെലഗാവി, ബാഗല്‍കോട്ട്, ശിവമോഗ ജില്ലകളിലാണ് ഇവരില്‍ രോഗം സ്ഥിരീകരിച്ചവര്‍. അതേസമയം, ബെംഗളുരുവില്‍ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞ 56 വയസ്സുള്ള സ്ത്രീ ഇന്ന് മരണപ്പെട്ടു. മരണ സംഖ്യ 31 ആയി. ഇന്ന് സംസ്ഥാനത്തെ ആശുപത്രികളില്‍നിന്നു 36 പേര്‍ രോഗമുക്തി നേടി. ഇതിനോടകം 422 പേരാണ് രോഗം ഭേദമായവര്‍. നിലവില്‍ 394 പേരാണ് ചികില്‍സ തുടരുന്നത്. ഇന്ന് 4940 പരിശോധനകള്‍ നെഗറ്റീവായി.




Tags: