അഴിമതി 15 ലക്ഷത്തിന് മുകളിലാണെങ്കിൽ മാത്രം പരാതിയുമായി എന്റെ അടുത്ത് വരൂ: ബിജെപി എംപി

ആളുകൾ ഒരു സർപഞ്ചിനെതിരേ അഴിമതി ആരോപിക്കുമ്പോൾ, ഞാൻ അവരോട് പറയും, 15 ലക്ഷം രൂപ വരെയുള്ള അഴിമതിയാണെങ്കിൽ എന്റെയടുത്ത് വരരുത്.

Update: 2021-12-28 09:18 GMT

ഭോപ്പാൽ: 15 ലക്ഷം രൂപയിൽ കൂടുതൽ അഴിമതി ആരോപണമുണ്ടായാൽ മാത്രമേ പരാതിയുമായി അദ്ദേഹത്തെ സമീപിക്കാവൂ എന്ന് ബിജെപി എംപി ജനാർദൻ മിശ്ര. ഇതിനോടകം തന്നെ വിവാദ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആളുകൾ ഒരു സർപഞ്ചിനെതിരേ (ഗ്രാമത്തലവൻ) അഴിമതി ആരോപിക്കുമ്പോൾ, ഞാൻ അവരോട് പറയും, 15 ലക്ഷം രൂപ വരെയുള്ള അഴിമതിയാണെങ്കിൽ എന്റെയടുത്ത് വരരുത്. 15 ലക്ഷത്തിന് മുകളിലുള്ള അഴിമതിയുണ്ടെങ്കിൽ മാത്രം എന്നെ സമീപിച്ചാൽ മതിയെന്ന് മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദൻ മിശ്ര പ്രസം​ഗിക്കുന്നതായുള്ള വീഡിയോയാണ് വിവാദമായത്.

നിലവിലെ വെല്ലുവിളികളെ നേരിടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന സെമിനാറിൽ സംസാരിക്കവെ, സർപഞ്ചുമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട ആശങ്കകളുമായി ആളുകൾ വൻതോതിൽ തന്റെ അടുക്കൽ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി സ്ഥാനാർത്ഥി ആദ്യ 7 ലക്ഷം രൂപയും അടുത്ത തിരഞ്ഞെടുപ്പിന് അടുത്ത 7 ലക്ഷം രൂപയും പണപ്പെരുപ്പം വർധിക്കുന്നത് കണക്കിലെടുത്ത് ഒരു ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നതെന്ന് മിശ്ര പറഞ്ഞു.

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലാ കോടതി നികുതി വെട്ടിപ്പ് കേസിൽ പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ അറസ്റ്റ് ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ വാക്‌പോരിന് തുടക്കമിട്ടു, ഇരുവരും ജെയ്‌നുമായി സംശയാസ്പദമായ ബന്ധമുണ്ടെന്ന് പരസ്പരം ആരോപിച്ചു.

ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ (ഡിജിജിഐ) കാൺപൂരിലെ അദ്ദേഹത്തിന്റെ വസതിയിലും കനൗജിലെ വസതിയിലും ഫാക്ടറിയിലും നടത്തിയ റെയ്ഡിൽ 257 കോടി രൂപയോളം രൂപയും 25 കിലോ സ്വർണവും 250 കിലോ വെള്ളിയും കണ്ടെടുത്തിട്ടുണ്ട്.