കോഴിക്കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി; സമാന്തര സംഘടന രൂപീകരിച്ചു

Update: 2020-09-26 17:16 GMT

കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ള്യേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് കോണ്‍ഗ്രസ് വിട്ട് സമാന്തര സംഘടന രൂപീകരിച്ചത്. ഡിസിസി മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ആലങ്കോട് സുരേഷ് ബാബു ചെയര്‍മാനും നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എടത്തില്‍ ബഷീര്‍ ജനറല്‍ സെക്രട്ടറിയുമായി ജനാധിപത്യ മതേതര കൂട്ടായ്മ എന്ന സമാന്തര സംഘടന രൂപീകരിച്ചിട്ടുണ്ട്.

    മണ്ഡലം ഭാരവാഹികളായ ഒമ്പതുപേരും ബ്ലോക്ക് സെക്രട്ടറിമാരായ രണ്ടുപേരുമുള്‍പ്പെടെ നിരവധി പ്രാദേശിക നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടായമക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കെ രവീന്ദ്രന്‍, എ രവീന്ദ്രന്‍, സിപിഐ മൊയ്തി, എന്‍ എം ബാലകൃഷ്ണന്‍, മണി പുനത്തില്‍, ഒ രാജന്‍, ടി കെ നജീബ്, രാജന്‍ കക്കാട്ട്, ശ്രീനു കന്നൂര്, മുന്‍ പഞ്ചായത്തംഗങ്ങളായ കെ രാധാകൃഷ്ണന്‍ നായര്‍, കെ ടി സുകുമാരന്‍, കെ ടി രമേശന്‍ തുടങ്ങിയരും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്ന് കമ്മിറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചെന്നും നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി തുടരുകയാണെങ്കില്‍ തങ്ങള്‍ നല്‍കിയ അംഗത്വ തുക തിരിച്ചു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എടത്തില്‍ ബഷീര്‍, പി അഭിലാഷ്, കെ രവീന്ദ്രന്‍, കെ ടി സുകുമാരന്‍, മണി പുനത്തില്‍ പങ്കെടുത്തു.




Tags:    

Similar News