പരസ്യമായ കോലിബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും - ഐഎന്‍എല്‍

ബിജെപി വര്‍ഗീയ ഫാഷിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാന്‍ ദേശവ്യാപകമായി വിപുലവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടക്കുമ്പോഴാണ് കേവലം ഒരു സീറ്റില്‍ ജയിച്ചുകയാറാമെന്ന വ്യാമോഹത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപിയുടെ കാലില്‍ ചെന്ന് വീണിക്കുന്നത്.

Update: 2022-05-24 12:30 GMT

കോഴിക്കോട്: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പരസ്യമായി ബിജെപി ഓഫിസില്‍ ചെന്ന് സഹായമഭ്യര്‍ഥിച്ചതും കോലീബി സഖ്യത്തിന്റെ മ്‌ളേച്ഛമുഖം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടിയതും അപകടകരമായ ഒരു രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണെന്നും ഇതിന് കോണ്‍ഗ്രസ് താമസിയാതെ കനത്ത വില നല്‍കേണ്ടിവരുമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

ബിജെപി വര്‍ഗീയ ഫാഷിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാന്‍ ദേശവ്യാപകമായി വിപുലവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടക്കുമ്പോഴാണ് കേവലം ഒരു സീറ്റില്‍ ജയിച്ചുകയാറാമെന്ന വ്യാമോഹത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപിയുടെ കാലില്‍ ചെന്ന് വീണിക്കുന്നത്. രാഷ്ട്രീയമായി യുഡിഎഫിന് എല്‍ഡിഎഫിനെ നേരിടാന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കിയാവണം, ദേശീയ തലത്തില്‍ തങ്ങളുടെ മുഖ്യശത്രുവായ ബിജെപിയുടെ പടിവാതില്‍ക്കല്‍ ചെന്ന് യാചന നടത്തിയത്.

ഇത് യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യുഡിഎഫ് സംവിധാനം തന്നെ തകരുമെന്ന് മുന്‍കൂട്ടി കണ്ടാണ് സംഘ്പരിവാറുമായി ചങ്ങാത്തത്തിന്റെ പാലം പണിയാന്‍ ഇപ്പോഴേ ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്. ഈ അവിവേകം സംസ്ഥനത്ത് കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കുമ്പോള്‍ ശക്തിപ്പെടാന്‍ പോകുന്നത് ബിജെപിയാണെന്ന യാഥാര്‍ഥ്യം മതേതര വിശ്വാസികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News