സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി

Update: 2020-10-12 09:15 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം അനുകൂലമാകുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുമെന്നും അതിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ട്. അത്‌വരെ വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


രാജ്യത്താകെ പൊതുമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്ന സാഹചര്യമാണുള്ളത്. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഒരു സവിശേഷമായ ജനകീയ മേഖലയാക്കി മാറ്റാം എന്ന മാതൃക കേരളം കാണിച്ചിരിക്കുന്നത്. നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുളള വികസനത്തിന് ഏറ്റവും നല്ല മാതൃകയാണ് സ്‌കൂളുകള്‍ ഡിജിറ്റലാക്കിയതെന്നും ഉദ്യമത്തിന് തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പിടിഎകളുടേയും വലിയ പങ്കാളിത്തമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല തകര്‍ന്നു എന്ന ആശങ്ക ഇപ്പോള്‍ ആര്‍ക്കുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.







Tags: