കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലുപേര്‍ മരിച്ചു

അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Update: 2021-07-15 08:42 GMT

കൊല്ലം: കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ രാവിലെ 11.30 ഓടെയാണ് സംഭവം. ചിറക്കോണം സോമരാജന്‍ (56), ഇളമ്പള്ളൂര്‍ രാജന്‍ (36), കുരിപ്പള്ളി മനോജ് (34), ചിറയടി അമ്പലത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദ് (24) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉപയോഗശൂന്യമായി കിടന്നിരുന്ന 100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാനിറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് മറ്റു രണ്ടുപേരും ഇറങ്ങിയത്.

ഉടന്‍തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. കിണറിന്റെ അടിത്തട്ടില്‍ ഓക്ജിസനില്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് അഗ്‌നിശമനസേന അറിയിച്ചു. ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags: