ദക്ഷിണ ഡല്‍ഹി കത്തുന്നു; ജാമിഅ വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് വെടിവയ്‌പെന്ന് സൂചന, ബസ്സുകള്‍ക്ക് തീയിട്ടത് പോലിസെന്ന് വിദ്യാര്‍ഥികള്‍, ഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ഡല്‍ഹി പോലിസ് നടത്തിയ വെടിവയ്പ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിചാര്‍ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2019-12-15 14:37 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവയ്പ്പ് നടത്തിയതായി സൂചന. ഡല്‍ഹി പോലിസ് നടത്തിയ വെടിവയ്പ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിചാര്‍ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഒരു ഫയര്‍ എന്‍ജിനും അഗ്‌നിക്കിരയായി. ഡല്‍ഹി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായ സാഹചര്യത്തില്‍ നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടി. സുഖദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്‌ല വിഹാര്‍, ഷഹീന്‍ ബാഘ് സ്‌റ്റേഷനുകള്‍ ആണ് അടച്ചത്.


സര്‍വകലാശാല കാംപസില്‍ പോലിസ് ഇരച്ചുകയറി. വൈകീട്ട് നാല് മണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിയ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി. പുറത്തുനിന്നുള്ള ഹിന്ദുത്വ ഗുണ്ടകളും വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ പങ്കാളികളായതായി റിപോര്‍ട്ടുകളുണ്ട്. പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി നിരവധി വിദ്യാര്‍ഥിനികള്‍ പരാജയപ്പെട്ടു.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സ്വകാര്യ വാഹനങ്ങളും അഗ്‌നിക്കിരയായി. അതിനിടെ പൊലീസുകാര്‍ ബസ് കത്തിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന് ചുറ്റും നടന്ന് ഇന്ധനം ഒഴിച്ച് പോലിസുകാര്‍ തീയിടുന്നതായി കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരങ്ങള്‍.


ജാമിയ മിലിയ കാംപസിലേക്ക് പോലിസ് ഇരച്ചുകയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലൈബ്രറിയിലും ഹോസ്റ്റലിലും പോലിസ് അതിക്രമം കാട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കാംപസിനകത്തെ മസ്ജിദിന്റെ വളപ്പിലേക്കും പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിയ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഒട്ടേറെ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലിസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷ മേഖലയില്‍ ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്റെ സാന്നിധ്യം വിവാദമായി. ഇക്കാര്യത്തെ കുറിച്ചു അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

Tags:    

Similar News