ബംഗാളില്‍ സംഘര്‍ഷം; ബിജെപി എംപിക്കു പരിക്ക്
നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് ബാരക്ക്പുര്‍ ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ പ്രദേശത്ത് ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്നിരുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കങ്കിനാര ശ്യാംനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ബിജെപി എംപി അര്‍ജുന്‍ സിങിന് തലയ്ക്കു പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കങ്കിനാരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായതും ബിജെപി എംപി അര്‍ജുന്‍ സിങിന് തലയ്ക്കു പരിക്കേറ്റതും. ചോരയൊലിക്കുന്ന കുപ്പായവും തലയ്ക്കു ബാന്‍ഡേജുമിട്ട നിലയില്‍ ഇദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാരക്ക്പുര്‍ പോലിസ് കമ്മീഷണര്‍ മനോജ് വര്‍മ്മയാണ് തന്റെ തല തല്ലിപ്പൊട്ടിച്ചതെന്ന് അര്‍ജുന്‍ സിങ് ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംപിക്ക് പരിക്കേറ്റതെന്നാണ് പോലിസ് പറയുന്നത്.
ഞായറാഴ്ച രാവിലെ അര്‍ജുന്‍ സിങിന്റെ കാര്‍ ശ്യാംനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരുസംഘം തകര്‍ത്തിരുന്നു. ഇതിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണു എംപിയുടെ പരാതി. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാണെന്നു പോലിസ് അറിയിച്ചു. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് ബാരക്ക്പുര്‍ ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ പ്രദേശത്ത് ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്നിരുന്നു. സമീപപ്രദേശങ്ങളിലും ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാവുകയും പാര്‍ട്ടി ഓഫിസുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
