2001ലും കോലീബി സഖ്യം; കുഞ്ഞാലിക്കുട്ടിയും മാണിയും ചര്‍ച്ചയ്ക്ക് എത്തി: സികെ പത്മനാഭന്‍
കാസര്‍കോട് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും എത്തിയിരുന്നു.
കണ്ണൂര്‍: 1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബിജെപി നേതാവ് സികെ പത്മനാഭന്‍. കാസര്‍കോട് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും എത്തിയിരുന്നു. താനും പിപി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സികെ പദ്മനാഭൻ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ബിജെപി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി.
കോണ്‍ഗ്രസുകാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഒരു മാരീചനാണ്. കോണ്‍ഗ്രസിന് ബിജെപിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാര്‍, കുഞ്ഞാലിക്കുട്ടി , പിപി മുകുന്ദന്‍, ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നു. സിപിഎം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യമെന്ന് സികെ പദ്മനാഭൻ പറഞ്ഞു.
കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും. 1991 ആവര്‍ത്തിക്കാനാണ് ലക്ഷ്യമെങ്കില്‍ ഒരു സഖ്യത്തിനുമില്ലെന്ന് അന്ന് ഞാന്‍ വ്യക്തമാക്കി. പഴയ തട്ടിപ്പുമായി വന്നാല്‍ അതില്‍ വീഴുന്നവരല്ല ബിജെപിയെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നും സികെ പദ്മനാഭൻ പറഞ്ഞു.
