സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം: പൊതുജനാഭിപ്രായത്തിന്റെ വൈകാരിക സ്വാധീനത്തില്‍ ജഡ്ജിമാര്‍ അകപ്പെടരുതെന്ന് ജസ്റ്റിസ് എന്‍വി രമണ

സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന ഒച്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും ശരിപക്ഷത്ത് നിന്നുകൊണ്ടായിരിക്കണമെന്നില്ലെന്ന് അദ്ദേഹം ജഡ്ജിമാരെ ഓര്‍മ്മിപ്പിച്ചു.

Update: 2021-07-01 06:25 GMT

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിയുന്ന പൊതുജനാഭിപ്രായത്തിന്റെ വൈകാരിക സ്വാധീനത്തില്‍ ജഡ്ജിമാര്‍ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ. സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന ഒച്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും ശരിപക്ഷത്ത് നിന്നുകൊണ്ടായിരിക്കണമെന്നില്ലെന്ന് അദ്ദേഹം ജഡ്ജിമാരെ ഓര്‍മ്മിപ്പിച്ചു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നത് സമൂഹമാധ്യമ ചര്‍ച്ചകളുടെ പ്രധാന സവിശേഷതയാണ്. അവിടെ പ്രചരിപ്പിക്കപ്പെടുന്നതില്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് കെട്ടിച്ചമക്കപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്.

സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം എങ്ങനെയാണ് ജുഡീഷ്യറിയെ ബാധിക്കുക എന്ന വിഷയത്തില്‍ സംവാദം അത്യാവശ്യമാണെന്നും ജസ്റ്റിസ് എന്‍വി രമണ കൂട്ടിച്ചേര്‍ത്തു. നിയമനിര്‍മ്മാണ സഭയ്ക്കും ഭരണാധികാരികള്‍ക്കും ജുഡീഷ്യറിയെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കാനാവില്ല. നീതി ഉറപ്പുവരുത്തുന്നതിനായി പരമായ ജുഡീഷ്യല്‍ സ്വാതന്ത്ര്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനിര്‍മ്മാണസഭയും ഭരണാധികാരികളും ജുഡീഷ്യറിയെ നിയന്ത്രിച്ചുതുടങ്ങിയാല്‍ നിയമവാഴ്ച എന്നത് വെറും സങ്കല്പം മാത്രമായി ചുരുങ്ങും. മാധ്യമ വിചാരണ ഒരിക്കലും ഒരു കേസിന്റേയും വിചാരണയെ തെറ്റായി സ്വാധീനിക്കില്ലയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏഴാമത് ജസ്റ്റിസ് പിഡി ദേശായി അനുസ്മരണ പ്രഭാഷണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍വി രമണ.

Tags:    

Similar News