കോടതിക്ക് പുല്ലുവില; നോക്കുകൂലി ചോദിച്ച് കണ്ണൂരിൽ സിഐടിയു ആക്രമണം

കടയിലേക്ക് നോക്ക് കൂലി ചോദിച്ച് ഇരച്ചെത്തിയ സിഐടിയു സംഘം കടയിലെ തൊഴിലാളികളെയും ഉടമയേയും മർദ്ദിക്കുകയായിരുന്നു.

Update: 2021-08-17 03:07 GMT

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് നോക്കുകൂലി ചോദിച്ച് സിഐടിയു ആക്രമണം. മാതമംഗലം പേരൂൽ റോഡിലെ എസ് ആർ അസോസിയേറ്റ്‌സ് ഹാർഡ് വെയർ കടയിലാണ് സംഭവം. കടയുടമ റബീഹ്, ജീവനക്കാരൻ റാഫി എന്നിവരെയാണ് സിഐ‍ടിയു പ്രവർത്തകർ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

കടയിലേക്ക് നോക്ക് കൂലി ചോദിച്ച് ഇരച്ചെത്തിയ സിഐടിയു സംഘം കടയിലെ തൊഴിലാളികളെയും ഉടമയേയും മർദ്ദിക്കുകയായിരുന്നു. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടയിലെത്തിയ സിഐടിയുക്കാർ ഇവരെ തെറി വിളിക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തങ്ങളുടെ സ്ഥാപനത്തിലേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ലോഡ് ഇറക്കാമെന്ന് സ്ഥാപന ഉടമകൾ ഹൈക്കോടതിയിൽനിന്ന് ഉത്തരവ് നേടിയിരുന്നു. ഇതനുസരിച്ച് സ്വന്തമായി ലോഡ് ഇറക്കിയതാണ് സിഐടിയുക്കാരെ പ്രകോപിപ്പിച്ചത്. പലതവണ ഇക്കാര്യത്തിൽ ജീവനക്കാരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പുറത്തുവരുന്ന വിവരം.

ഇതുമായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ടെന്ന് കടയുടമ പറയുന്നു. പോലിസ് പ്രശ്‌നം ഒത്തുതീർപ്പാക്കിയ ശേഷമാണ് സിഐടിയുക്കാർ പ്രശ്‌നമുണ്ടാക്കിയത്. സ്വന്തം ഉത്തരവാദിത്തത്തിൽ കടയുടമ ലോഡിറക്കി കഴിഞ്ഞ ഉടനെ കടയിലെത്തിയ സിഐടിയുക്കാർ നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു.