പൗരത്വ ഭേദഗതി നിയമം അനാവശ്യം; ഇന്ത്യക്കെതിരേ ബംഗ്ലാദേശ് പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതി നിയമവും രജിസ്റ്ററും അനാവശ്യമാണ്. എന്നാല്‍, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഹസീന ചൂണ്ടിക്കാട്ടി.

Update: 2020-01-19 13:08 GMT

ദുബയ്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ റജിസ്റ്ററിനെയും എതിര്‍ത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പൗരത്വ നിയമ ഭേദഗതി നിയമവും രജിസ്റ്ററും അനാവശ്യമാണ്. എന്നാല്‍, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഹസീന ചൂണ്ടിക്കാട്ടി.

'എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ല. പൗരത്വ നിയമ ഭേദഗതി അത്യാവശ്യമുള്ള ഒരു കാര്യമല്ലെന്നും ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുണ്ട്. അങ്ങനെയൊക്കെ പറയുമ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഏറ്റവും നല്ല നിലയിലാണ് പോകുന്നതെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.

സിഎഎയും എന്‍ആര്‍സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി വ്യക്തമാക്കി അഴ്ചകള്‍ക്കകമാണ് ഇക്കാര്യത്തിലുള്ള ഹസീനയുടെ നിലപാട് പുറത്തുവന്നത്. 16.1 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 10.7 ശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധ മതക്കാരുമാണ്. മതപരമായ പീഡനങ്ങള്‍ മൂലം ന്യൂനപക്ഷങ്ങള്‍ ഇന്തയിലേക്ക് കുടിയേറുന്നുവെന്ന ആരോപണം ഹസീന നിഷേധിച്ചു.

അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഏറെ പ്രതിഷേധം നടക്കുന്നതിനിടയിലും പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമത്തിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്നും പൗരത്വം നല്‍കുന്നതിനു വേണ്ടിയാണ് നിയമം ഭേദഗതി ചെയ്തതെന്നും മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് മോദി പറഞ്ഞിരുന്നു.


Tags:    

Similar News