പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം: കേന്ദ്രമന്ത്രിസഭാ തീരുമാനം പിന്‍വലിക്കണം-പോപുലര്‍ ഫ്രണ്ട്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ബില്ലിനെതിരേ മതേതര, ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്നും മുഹമ്മദലി ജിന്ന പ്രസ്താവിച്ചു

Update: 2019-12-04 16:23 GMT

ന്യൂഡല്‍ഹി: തികച്ചും പക്ഷപാതപരമായ പൗരത്വ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ ബിജെപി സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള തികഞ്ഞ അവഹേളനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ വഴിയൊരുക്കുന്നതാണ് ഭേദഗതി. പട്ടികയില്‍ നിന്നു വിദഗ്ദമായി മുസ്‌ലിംകളെ ഒഴിവാക്കുക വഴി ബിജെപി സര്‍ക്കാര്‍ അവരുടെ കറകളഞ്ഞ വര്‍ഗീയ മുഖം പ്രകടിപ്പിച്ചിരിക്കുകയാണ്. പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്കാണ് ബില്ല് അവസരം നല്‍കുന്നതെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല. കാരണം ഐക്യരാഷ്ട്ര സഭയുടെ രേഖകള്‍ പ്രകാരം ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വംശീയ ന്യൂനപക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളാണ്. മ്യാന്‍മര്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുമ്പോള്‍, അഫ്ഗാനിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തി പങ്കിടുന്നില്ലെന്നതും ശ്രദ്ധേയമാണ്. പൗരത്വം നല്‍കുന്നതിനു മതം മാനദണ്ഡമാവാന്‍ പാടില്ല. എന്നാല്‍ അങ്ങനെ ചെയ്യുക വഴി, പൗരത്വത്തിന് അര്‍ഹരായ വിവിധ വിഭാഗങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 5 മുതല്‍ 10 വരെയും 15, 19 എന്നിവയ്ക്കും എതിരായി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുന്ന അനുച്ഛേദം 14നും എതിരാണ് ഇപ്പോഴത്തെ നീക്കം.

    മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ 2018 ജനുവരിയില്‍ ഈ ബില്ല് ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. ബിജെപിയുടെ സംഖ്യകക്ഷികള്‍ അടക്കം വടക്കു, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പായിരുന്നു കാരണം. ബില്ലിനെതിരായ എതിര്‍പ്പ് മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ബില്ല് വീണ്ടും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ബില്ലിനെതിരേ മതേതര, ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്നും മുഹമ്മദലി ജിന്ന പ്രസ്താവിച്ചു.



Tags: