പൗരത്വ നിയമം ജനങ്ങള്‍ക്കും മതത്തിനും എതിര്; മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്ന് കമല്‍നാഥ്
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.
ഭോപ്പാല്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഭേദഗതി വരുത്തിയ പൗരത്വ നിയമം മധ്യപ്രദേശില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍പിആറിനും എന്‍സിആറിനും പിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മനസിലാകുന്നുണ്ട്. വിവാദ നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാള്‍ അതില്‍ എഴുതാത്ത കാര്യങ്ങളാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.
എന്‍പിആര്‍ നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസും താല്‍പര്യപ്പെടുന്നു, എന്നാല്‍ ഇതിനോട് അനുബന്ധിച്ച് എന്‍ആര്‍സി നടപ്പിലാക്കാന്‍ അനുവദിക്കില്ല. ബിജെപി സര്‍ക്കാര്‍ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഇതില്‍ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് ആരോപിച്ചിരുന്നു.
''40 വര്‍ഷത്തെ എന്റെ പാര്‍ലമമെന്റ് ജീവിതത്തിന് ഇടയില്‍ എന്‍ആര്‍സിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകള്‍ കണ്ടിട്ടില്ല. ഇതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാള്‍ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അര്‍ഹിക്കുന്നത്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമല്‍നാഥ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ മധ്യപ്രദേശില്‍ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സാമൂഹിക വിരുദ്ധവും മതവിരുദ്ധവുമായ നിയമങ്ങള്‍ നടപ്പാക്കില്ലെന്നും നാഥ് കൂട്ടിച്ചേര്‍ത്തു. കേരളവും പശ്ചിമ ബംഗാളും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പണി കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ചിരുന്നു.
