'മതപരിവര്‍ത്തനം' ആരോപിച്ച് ഹിന്ദുത്വ ആക്രമണം; രാജ്യത്ത് ക്രിസ്ത്യാനികള്‍ ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടീഷ് ദിനപ്പത്രം

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലാണ് മതപരിവര്‍ത്തനത്തിന്റെ പേരുപറഞ്ഞ് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേ കൂടുതലും ആക്രമണം നടക്കുന്നത്. ഇവിടെ പാവപ്പെട്ടവരെയും ആദിവാസി ഹിന്ദുക്കളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകളുടെയും ബിജെപിയുടെ ആരോപണം.

Update: 2021-10-04 15:32 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 'മതപരിവര്‍ത്തനം' ആരോപിച്ച് ഹിന്ദുത്വര്‍ വ്യാപകമായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നതായി റിപോര്‍ട്ട്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന ആരോപണം അഴിച്ചുവിട്ട് ബിജെപി പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേ വ്യാപകമായ ആക്രമണം നടത്തുകയാണ്. ക്രിസ്ത്യാനികള്‍ രാജ്യത്ത് ഭീതിയോടെയാണ് ജീവിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണത്തിന്റെ ഭീതിയില്‍ ജീവിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യാനികള്‍' എന്ന തലക്കെട്ടില്‍ ഹന്ന എല്ലീസ് പീറ്റേഴ്‌സനാണ് ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാര്‍ഡിയനില്‍ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലാണ് മതപരിവര്‍ത്തനത്തിന്റെ പേരുപറഞ്ഞ് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേ കൂടുതലും ആക്രമണം നടക്കുന്നത്. ഇവിടെ പാവപ്പെട്ടവരെയും ആദിവാസി ഹിന്ദുക്കളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകളുടെയും ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിനുള്ള രാഷ്ട്രീയലക്ഷ്യമാക്കിയാണ് ബിജെപി മിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പ്രചാരണം അഴിച്ചുവിടുന്നത്. ഇന്ത്യയിലെ ജനസംഖ്യാശാസ്ത്രം മാറ്റുന്നതിന് വിദേശ ഗൂഢാലോചന നടക്കുന്നതായാണ് മുസ് ലിംകള്‍ക്കെതിരേ അവസാനമായി അവര്‍ ഉയര്‍ത്തിയ ആരോപണം. ബിജെപി ഭരിക്കുന്ന സര്‍ക്കാരുകള്‍ നിര്‍ബന്ധിത പരിവര്‍ത്തനത്തിന് തടയിടാനെന്ന പേരുപറഞ്ഞ് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവന്നു.

ഛത്തീസ്ഗഢ് ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ 'കടുത്ത നിയമങ്ങള്‍' പ്രാബല്യത്തിലുണ്ട്. നിയമം അനുസരിച്ച് മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഛത്തീസ്ഗഢിലെ നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഹിന്ദുക്കളെ പള്ളികളിലേക്ക് ആകര്‍ഷിക്കുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാരെ ആക്രമിച്ചു. ഇവര്‍ പണം വാഗ്ദാനം ചെയ്തും സൗജന്യ ചികില്‍സ, വിദേശയാത്ര, വിദേശ സഹായം എന്നീ ഉറപ്പുനല്‍കിയും ഹിന്ദുക്കളെ മതംമാറ്റുന്നുവെന്നായിരുന്നു വാദം. എന്നാല്‍, ഇത്തരത്തില്‍ മതംമാറ്റം സംബന്ധിച്ച് യാതൊരു തെളിവുകളും അവര്‍ക്ക് ഹാജരാക്കാനായില്ല.

ആയിരക്കണക്കിന് പാവങ്ങളായ ഹിന്ദുക്കളെയും ആദിവാസി ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരെയും ബലപ്രയോഗത്തിലൂടെ മതം മാറ്റിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെയും ആക്ടിവിസ്റ്റുകളെയും പരസ്യമായി ആക്രമിച്ച നിരവധി മാധ്യമവാര്‍ത്തകളും ഇതിന്റെ പേരിലുള്ള പ്രതിഷേധങ്ങളും റാലികളും കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് അരങ്ങേറിയതാണ്. ഛത്തീസ്ഗഢിലെ ഏറ്റവും വലിയ പ്രശ്‌നം 'മതപരിവര്‍ത്തനം' ആണെന്നാണ് ബജ്‌രംഗ്ദള്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഋഷി മിശ്രയെ ഉദ്ധരിച്ചുകൊണ്ടുള്ള ലേഖനത്തില്‍ പറയുന്നത്. ഞങ്ങളുടെ പ്രധാന അജണ്ടയും ഈ വിഷയമാണ്. അടുത്ത കാലം വരെ ഈ പ്രശ്‌നം ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലയിലും മാത്രമായിരുന്നു.

പക്ഷേ, വൈകിയാണ് അവര്‍ തങ്ങളുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയത്തോടെ നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മതപരിവര്‍ത്തനം എന്നത് സംസ്ഥാനത്തെ വലിയൊരു പ്രശ്‌നമല്ലെന്ന് പറഞ്ഞ ഛത്തീസ്ഗഢ് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ മഹേന്ദ്ര ഛബ്ദ, ബജ്‌റംഗ്ദളിന്റെ ആരോപണം നിഷേധിച്ചു. ബിജെപിയും മറ്റ് ഗ്രൂപ്പുകളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ബലം പ്രയോഗിച്ച് മതംമാറ്റാന്‍ ശ്രമിച്ചു എന്നത് സംബന്ധിച്ചോ, ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പള്ളിയിലേക്ക് ക്ഷണിച്ചത് സംബന്ധിച്ചോ ഒരു തെളിവുപോലും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് ഛബ്ദ പറഞ്ഞു. ഇന്ത്യയിലുടനീളം ബിജെപി മുസ്‌ലിംകളെ ലക്ഷ്യമിട്ട് വോട്ടുനേടുന്നു. ഇപ്പോള്‍ ഛത്തീസ്ഗഢില്‍ അവര്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രംഗത്തുവരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags: