ടെലിവിഷനില്‍ ബാങ്ക് വിളി; ജുമുഅ പ്രാര്‍ഥനാ സ്ഥലത്ത് പതിനായിരങ്ങള്‍; ന്യൂസിലന്‍ഡില്‍ തോറ്റത് വെറുപ്പിന്റെ ശക്തികള്‍

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ 50 പേര്‍ വെടിയേറ്റ് മരിച്ച് ഒരാഴ്ച്ച പിന്നിടുന്ന ഇന്ന് രാജ്യം കണ്ടത് ലോകത്തിന് തന്നെ മാതൃകയാവുന്ന കാഴ്ച്ചകള്‍.

Update: 2019-03-22 02:15 GMT

ക്രൈസ്റ്റ്ചര്‍ച്ച്: ഇസ്ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയ വാദികള്‍ ന്യൂസിലന്‍ഡ് ജനതയുടെ സനേഹത്തിനും ഐക്യത്തിനും മുന്നില്‍ തോറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ 50 പേര്‍ വെടിയേറ്റ് മരിച്ച് ഒരാഴ്ച്ച പിന്നിടുന്ന ഇന്ന് രാജ്യം കണ്ടത് ലോകത്തിന് തന്നെ മാതൃകയാവുന്ന കാഴ്ച്ചകള്‍.



ദേശീയ ടെലിവിഷന്‍ ചാനലും റേഡിയോ സ്‌റ്റേഷനുകളും സംപ്രേക്ഷണം ചെയ്ത ബാങ്ക് വിളിക്ക്(മുസ്ലിം പ്രാര്‍ഥനയ്ക്ക് സമയമറിയിച്ചുള്ള ആഹ്വാനം) ഉത്തരം നല്‍കി ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിന് സമീപത്തെ ഹാഗ്ലി പാര്‍ക്കില്‍ ഒരുമിച്ച് കൂടിയത് അരലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിവിധ മതക്കാര്‍ അതില്‍ ഉണ്ടായിരുന്നു. കുറ്റമെന്തെന്നറിയാതെ അല്‍നൂര്‍ മസ്ജിദിലും ലിന്‍വുഡിലും പിടഞ്ഞു വീണ ആ അമ്പത് ജീവനുകളെ ഓര്‍ത്ത് അവര്‍ ഒരുനിമിഷം മൗനമാചരിച്ചു. മുസ്ലിംകള്‍ ജുമുഅ പ്രാര്‍ഥന നിര്‍വഹിക്കുമ്പോള്‍ ചുറ്റും സ്‌നേഹത്തിന്റെ വലയം തീര്‍ത്ത് അവര്‍ പ്രഖ്യാപിച്ചു; ഇല്ല ഇനിയൊരു ബ്രന്റന്‍ ടാറന്റ് ന്യൂസിലന്‍ഡില്‍ ഉണ്ടാവില്ല.

ശിരോവസ്ത്രമണിഞ്ഞ് ചടങ്ങിനെത്തിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ ഒരു പ്രവാചക വചനം ഉദ്ധരിച്ചു കൊണ്ടാണ് തന്റെ പ്രസഗംമാരംഭിച്ചത്: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അസുഖം ബാധിച്ചാല്‍ മുഴുവന്‍ ശരീരവും വേദനിക്കുന്നു-അവര്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് സമാനമായ ഓര്‍മ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ച അക്രമം നടക്കുമ്പോള്‍ അല്‍നൂര്‍ മസ്ജിദില്‍ ഇമാമായിരുന്ന ജമാല്‍ ഫൗദ ജനക്കൂട്ടത്തോട് സംസാരിച്ചു. ഭീകരന്റെ കണ്ണുകളില്‍ ഞാന്‍ വിദ്വേഷവും പകയുമാണ് കണ്ടത്. ഇന്ന് അതേ സ്ഥലത്ത്, ഒരുമിച്ചു കൂടിയ ആയിരങ്ങളുടെ കണ്ണുകളില്‍ ഞാന്‍ സ്‌നേഹവും കാരുണ്യവും കാണുന്നു. ന്യൂസിലന്‍ഡിനെ തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചുകൊടുത്തു. ലോകത്തിന് മുന്നില്‍ സ്‌നേഹവും ഐക്യവും എന്താണെന്ന് നാം കാണിച്ചു കൊടുത്തു. നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ടാവാം, പക്ഷേ നമ്മള്‍ തകര്‍ന്നിട്ടില്ല-അദ്ദേഹം പറഞ്ഞു.



മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജുമുഅ പ്രാര്‍ഥനാ സ്ഥലത്തെത്തിയ ആയിരക്കണക്കിന് വനിതകളില്‍ ഭൂരിഭാഗവും ശിരോവസ്ത്രം ധരിച്ചിരുന്നു. നഗരത്തിലുള്ള മുസ്ലിംകളോടുള്ള ബഹുമാന സൂചകമായാണ് താന്‍ ഈ വസ്ത്രമണിഞ്ഞതെന്ന് ക്രൈസ്റ്റ്ചര്‍ച്ച് വാസിയായ ജെനിന്‍ ബെന്‍സണ്‍ പറഞ്ഞു. ഒരു ന്യൂസിലന്‍ഡുകാരിയെന്ന നിലയില്‍ ഒപ്പം നില്‍ക്കേണ്ടത് ആവശ്യമാണ്. ലോകത്തെവിടെയും ഇത്തരമൊരു ആക്രമണം ഇനി സംഭവിക്കാന്‍ പാടില്ല. ഒരോ ദിവസവും ഈ മസ്ജിദിന്റെ മുന്നിലൂടെയാണ് ഞാന്‍ ജോലിസ്ഥലത്തേക്കു പോകാറുള്ളത്. അവിടെ സംഭവിച്ചതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ശരീരം വിറയ്ക്കും. ഇത് അവസാനമല്ല. സാന്ത്വനത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്-അവര്‍ പറഞ്ഞു.

ലിന്‍വുഡ് മസ്ജിദിലെ ആക്രമണത്തില്‍ മരിച്ച ഒരാളെക്കൂടി ഇന്ന് ഖബറടക്കി. ജുമുഅക്ക് ശേഷം 26 പേരുടെ കൂടി സംസ്‌കാര ചടങ്ങുകള്‍ നടക്കും. ശനിയാഴ്ച്ച് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന സ്‌നേഹ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വെടിവയ്പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച ലിന്‍വുഡിലെയും അല്‍നൂറിലെയും മസ്ജിദുകള്‍ ശനിയാഴ്ച്ച തുറന്നുനല്‍കുമെന്നും ന്യൂസിലന്‍ഡ് പോലിസ് വക്താവ് പറഞ്ഞു.  




 


Tags:    

Similar News