ചിന്നക്കനാല്‍ സഹകരണ ബാങ്ക് അഴിമതി; എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ സിപിഐ അംഗങ്ങള്‍
ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനം സംബന്ധിച്ചും ബാങ്കിലെ ജീവനക്കാരുടെ എണ്ണം, വേതനം എന്നിവ സംബന്ധിച്ചും സിപിഐ അംഗങ്ങള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഇടുക്കി: ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരേ സിപിഐ നേതാക്കള്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുളളത്. വ്യാജ പട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് സിപിഐ അംഗങ്ങള്‍ ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനം സംബന്ധിച്ചും ബാങ്കിലെ ജീവനക്കാരുടെ എണ്ണം, വേതനം എന്നിവ സംബന്ധിച്ചും സിപിഐ അംഗങ്ങള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മൗണ്ട് വ്യൂ എന്ന പേരില്‍ ബാങ്ക് ചിന്നക്കലാലില്‍ ഒരു റിസോര്‍ട്ട് നടത്തുന്നുണ്ട്. ഇതിന്റെ ദൈനംദിന പ്രവര്‍ത്തനം, എത്ര തുക വരുമാനം ലഭിക്കുന്നുണ്ട്, റിസോര്‍ട്ടിന്റെ നിര്‍മാണത്തിനും ഇത് വിലയ്ക്ക് വാങ്ങുന്നതിനും എത്ര തുക ചെലവായി എന്നതുള്‍പ്പടെയുളള ഒമ്പതോളം ചോദ്യങ്ങളാണ് സെക്രട്ടറിയോട് ഭരണസമിതി അംഗങ്ങള്‍ തന്നെ ഉന്നയിച്ചിരിക്കുന്നത്.
ബാങ്കിന്റെ പേരില്‍ ഒരു പെട്രോള്‍ പമ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ആ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങളും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ഭൂമിയാണിതെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തുകയും അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഈ പെട്രോള്‍ പമ്പിനായി ചെലവാക്കിയ തുക എത്ര, അതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നതുള്‍പ്പടെയുളള കാര്യങ്ങളാണ് സിപിഐ അംഗങ്ങള്‍ ചോദിച്ചിരിക്കുന്നത്. പത്തുമാസം മുമ്പാണ് ഇതുസംബന്ധിച്ച കത്ത് അംഗങ്ങള്‍ സെക്രട്ടറിക്ക് നല്‍കിയത്.
