രാജ്യത്തെ പ്രമുഖരുടെ വിവര ശേഖരണം: ചൈനീസ് കമ്പനിയുണ്ടാക്കിയ സുരക്ഷാഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്രം
സ്വദേശിവത്കരണമടക്കം സൈബര്‍ ശുദ്ധീകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും കേന്ദ്രം പഠിക്കും.
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ശേഖരിക്കുന്ന ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൗരവുമുള്ള വിഷയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇന്ത്യയിലെ പ്രമുഖരെ പിന്തുടര്‍ന്നത് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. സൈബര്‍ സുരക്ഷ ഏജന്‍സികളുടെയും മറ്റ് സുരക്ഷ ഏജന്‍സികളുടെയും സഹായത്തോടെയാകും പഠനം നടത്തുക.
ഹാര്‍ഡ് വെയര്‍ നിര്‍മാണ രംഗത്ത് ചൈനക്കുള്ള മേല്‍ക്കൈ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്നതും പഠനത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ ഏതെങ്കിലും കമ്പനിയുമായി വിവരങ്ങള്‍ ചോര്‍ത്തിയ ഷന്‍ഹാന്‍ ഡാറ്റ ടെക്‌നോളജിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്വദേശിവത്കരണമടക്കം സൈബര്‍ ശുദ്ധീകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും കേന്ദ്രം പഠിക്കും.