രാജ്യത്ത് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പോഷകാഹാരം ലഭിക്കുന്നില്ല
2017ല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തിയിരുന്നത് രാജ്യത്തെ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 53.1 ശതമാനം പേരും വിളര്‍ച്ചയുള്ളവരാണെന്നാണ്.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വനിതാശിശുക്ഷേമ പദ്ധതികൾ പലതും പാതിവഴിയിലായതോടെ രാജ്യത്തെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പോഷകാഹാര ലഭ്യതക്കുറവ് കൂടുതല്‍ രൂക്ഷമായി. കൊവിഡ് പശ്ചാത്തലത്തിൽ പദ്ധതികൾ പാളം തെറ്റിയതോടെയാണ് ഗുരുതര സ്ഥിതിതിയിലേക്ക് രാജ്യം കടന്നിരിക്കുന്നത്.
2017ല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തിയിരുന്നത് രാജ്യത്തെ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 53.1 ശതമാനം പേരും വിളര്‍ച്ചയുള്ളവരാണെന്നാണ്. പോഷകാഹാരക്കുറവുള്ള സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണാന്‍ സാധ്യതയുണ്ട്. അഞ്ച് വയസില്‍ താഴെയുള്ളവരില്‍ 21 ശതമാനം കുട്ടികളും തൂക്കക്കുറവും ഉയരക്കുറവുമുള്‍പ്പെടെയുള്ളവരും വേണ്ടത്ര ആരോഗ്യമില്ലാത്തവരും ആയിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജീന്‍ ഡ്രെസ്സ്, അന്‍മോല്‍ സോമാന്‍ചി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍, ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും, ലോക്ഡൗണിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മറ്റും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്കായി 2017ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി മാതൃ വന്ദന യോജന പോലുള്ള പദ്ധതികളും പാതിവഴിയിലായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ആദ്യ പ്രസവകാലത്ത് മൂന്ന് തവണകളായി 5000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. 2018നും 2020നും ഇടയിലായി 5,931 കോടി രൂപ പദ്ധതിയിലൂടെ നല്‍കിയെങ്കിലും പിന്നീട് കൊവിഡ് വ്യാപനത്തിനുശേഷം അപേക്ഷിച്ച പലര്‍ക്കും തുക ലഭിച്ചിട്ടില്ലെന്നാണ് വെളിപ്പെടുന്നത്.
2020ല്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 27 ശതമാനത്തിനുമാത്രമാണ് മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളും ലഭിച്ചതെന്ന് റിപോര്‍ട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, രണ്ടാമത്തെ പ്രസവത്തിനുള്‍പ്പെടെ യാതൊരു വിധ ധനസഹായങ്ങളും ഈ പദ്ധതി പ്രകാരം ലഭിക്കില്ലെന്നും പദ്ധതിയുടെ മാര്‍ഗരേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നു.
