ആഴ്ചയില്‍ ഒരുദിവസം കുട്ടികളെ കനകദുര്‍ഗയ്ക്ക് വിട്ടുനല്‍കാന്‍ നിര്‍ദേശം

Update: 2019-02-17 06:46 GMT

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തെ തുടര്‍ന്ന് വിവാദത്തിലായ കനക ദുര്‍ഗ്ഗക്ക് ആഴ്ചയില്‍ ഒരുദിവസം കുട്ടികളെ വിട്ടുനല്‍കണമെന്ന് ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം.കുട്ടികളെ കാണാനും പരിചരിക്കാനും അവസരം നല്‍കണമെന്ന കനകദുര്‍ഗയുടെ പരാതിയെ തുടര്‍ന്ന് തവനൂരില്‍ നടന്ന സിറ്റിങ്ങിലാണ് സിഡബ്ലിയുസി ചെയര്‍മാന്‍ ഹാരിഷ് പഞ്ചിളിയുടെ ഉത്തരവ്.ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഞായറാഴ്ച വൈകിട്ട് 6 വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ ഒപ്പം താമസിപ്പിക്കാന്‍ അനുവാദം നല്‍കിയത്. എല്ലാ ശനിയാഴ്ചയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കുട്ടികളെ കനകദുര്‍ഗയുടെ വീട്ടില്‍ എത്തിക്കണം. ഞായറാഴ്ച വൈകിട്ട് കനകദുര്‍ഗ കുട്ടികളെ കൃഷ്ണനുണ്ണിയുടെ വീട്ടില്‍ തിരിച്ചേല്‍പ്പിക്കണം. 23 മുതല്‍ ഉത്തരവ് നടപ്പാക്കണം.ഇന്നലെ രാവിലെ പത്തരയോടെ ആണ് കൃഷ്ണനുണ്ണി, മാതാവ് സുമതിയമ്മ, സഹോദരന്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം തവനൂരിലെ സിഡബ്ലിയുസി മുന്‍പാകെ ഹാജരായത്. ഇതിനുശേഷം കനകദുര്‍ഗയുമെത്തി. കനകദുര്‍ഗയോടും ഭര്‍ത്താവ് കൃഷ്ണനുണ്ണിയോടും വിവരങ്ങള്‍ ആരാഞ്ഞ സമിതി കുട്ടികളുടെ അഭിപ്രായവും രേഖപ്പെടുത്തി. ഇതനുസരിച്ചാണ് സമിതി തീരുമാനമെടുത്തത്.ശബരിമല ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ തനിക്ക് കുട്ടികളെ വിട്ടുനല്‍കാന്‍ ഭര്‍ത്താവും അവരുടെ വീട്ടുകാരും തയാറായില്ല എന്ന പരാതിയുമായാണ് കനകദുര്‍ഗ ശിശുക്ഷേമ സമിതിയെ സമീപിച്ചത്.സിറ്റിങ്ങില്‍ സിഡബ്ല്യുസി അംഗങ്ങളായനജ്മല്‍ ബാബു, കവിതാ ശങ്കര്‍ എന്നിവരും പങ്കെടുത്തു.


Tags:    

Similar News