കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

Update: 2019-10-01 13:55 GMT

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2009ല്‍ കേന്ദ്ര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ള അക്കാദമിക്കായി കണ്ണൂര്‍ ഇരിണാവില്‍ 164 ഏക്കര്‍ ഭൂമി 2011ല്‍ തന്നെ കൈമാറിയിട്ടുള്ളതാണ്. 65.56 കോടി രൂപ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനായി ചെലവഴിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍ പ്രകാരം സോണ്‍ ഒന്ന് എ കാറ്റഗറിയാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രാലയം നിയമത്തില്‍ 2018ല്‍ ഇളവ് വരുത്തിയതിനാല്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടിക്കാഴ്ചയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തു.



Tags: