ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ വാര്‍ത്തകള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി

Update: 2023-10-07 05:54 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെതിരായ വാര്‍ത്തകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കഥവച്ചാണ് ആരോഗ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് അധികകാലം ആയുസുണ്ടാവില്ല. അവയ്‌ക്കെല്ലാം അല്‍പ്പായുസ്സ് മാത്രമാണുണ്ടാവുക. ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനമാണ്. അടുത്ത കാലത്ത് നിപവന്നപ്പോഴടക്കം നല്ല പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത്. ദേശീയ അന്വേഷണ എജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കുകയാണ്. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വര്‍ഗീയതക്കെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരേയും കേന്ദ്ര നയത്തിനെതിരേയും ഒരുമിച്ചു നില്‍ക്കാന്‍ ഇവിടെ നിന്നു ജയിച്ചുപോയ കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വര്‍ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറന്നു. സര്‍ക്കാര്‍ പ്രതികൂട്ടിലാവുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനക്കോട്ട കെട്ടി. എന്നിട്ടും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയുടെ ധര്‍മടം മണ്ഡലം പരിപാടിയാണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രി ഇന്ന് ഏഴ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. നാലു ദിവസം നീളുന്ന മണ്ഡലം പരിപാടിയില്‍ 28 കുടുബയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മണ്ഡലത്തിലെ ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

Tags:    

Similar News