കല്‍ക്കരി ഖനന നീക്കത്തിനെതിരേ ഛത്തിസ്ഗഡില്‍ ആദിവാസികളുടെ ലോങ്മാര്‍ച്ച്

ഹസ്ദിയോ ആരണ്യ ബചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍, രണ്ട് ജില്ലകളില്‍ നിന്നുള്ള പ്രക്ഷോഭകര്‍ നിരന്തരം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും ഈ മേഖലയില്‍ ആറ് കല്‍ക്കരി ബ്ലോക്കുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Update: 2021-10-13 09:26 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ, കോര്‍ബ ജില്ലകളിലെ 30 ഗ്രാമങ്ങളിലെ ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള 350 ലധികം പേര്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ലോങ്മാര്‍ച്ചിലാണ്. സംസ്ഥാന തലസ്ഥാനമായ റായ്പൂരിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കല്‍ക്കരി ഖനന പദ്ധതിയുടെ പേരില്‍ നടക്കുന്ന 'നിയമവിരുദ്ധമായ' ഭൂമി ഏറ്റെടുക്കലിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ലോങ്മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഞങ്ങള്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍, ഞങ്ങളുടെ കുട്ടികള്‍ക്ക് ജീവിക്കാന്‍ ഒരിടമില്ലാതാകുമെന്ന് മദന്‍പൂരില്‍ നിന്ന് റായ്പൂരിലേക്ക് മാര്‍ച്ച് ചെയ്യുന്ന പ്രക്ഷോഭകരിലൊരാളായ ശകുന്തള ഏക പറഞ്ഞു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലെ ഫത്തേപ്പൂരില്‍ നിന്നുള്ള മാര്‍ച്ച് ഒക്ടോബര്‍ 3നാണ് ആരംഭിച്ചത്. ഒക്ടോബര്‍ 13 ന് പ്രതിഷേധക്കാര്‍ റായ്പൂരിലെത്തി ഗവര്‍ണറേയും മുഖ്യമന്ത്രിയേയും കാണും.

ഹസ്ദിയോ ആരണ്യ മേഖലയില്‍ നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ കല്‍ക്കരി ഖനന പദ്ധതികള്‍ക്കെതിരേയാണ് ഗ്രാമവാസികള്‍ പ്രതിഷേധിക്കുന്നത്. ഈ ഖനന പദ്ധതികള്‍ വന-പരിസ്ഥിതി ആവാസ വ്യവസ്ഥകള്‍ക്ക് ഭീഷണിയാണ്. സംസ്ഥാനത്തിന്റെ ശ്വാസകോശമാണ് ഹസ്ദിയോ ആരണ്യ മേഖലയെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണെന്നും സംസ്ഥാനത്തെ വടക്കന്‍-മധ്യ മേഖലകളിലൂടെ ഒഴുകുന്ന നദികളുടെ പ്രഭവകേന്ദ്രമാണ് ഹസ്ദിയോ ആരണ്യ.

ഹസ്ദിയോ ആരണ്യ ബചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍, രണ്ട് ജില്ലകളില്‍ നിന്നുള്ള പ്രക്ഷോഭകര്‍ നിരന്തര പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും ഈ മേഖലയില്‍ ആറ് കല്‍ക്കരി ബ്ലോക്കുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ഖനനത്തിനായി പ്രവര്‍ത്തനക്ഷമമായി: പര്‍സ ഈസ്റ്റ്, കേറ്റ് ബസന്‍, ചോട്ടിയ 1,2 ബ്ലോക്കുകളില്‍ ഖനനം നടക്കുന്നുണ്ട്.

ഗ്രാമസഭയുടെ അനുമതിയില്ലാതെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുമ്പോഴും പര്‍സയിലെ കല്‍ക്കരി ഖനിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് എതിരാണ്. പര്‍സയിലെ കല്‍ക്കരി ഖനനത്തിനായുള്ള പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി വ്യാജ രേഖകളും തെറ്റായ വിവരങ്ങളും മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സമിതിയിലെ പ്രമുഖ അംഗമായ ഉമേശ്വര്‍ സിങ് അര്‍മോ ആരോപിച്ചു.

Similar News