ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണം; 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി സിആര്‍പിഎഫ്
ന്യൂഡല്‍ഹി: മാവോവാദി ആക്രമണം നടന്ന ഛത്തീസ്ഗഢിലെ ബൈജാപൂരില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി സിആര്‍പിഎഫ്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുക്മ ജില്ലയിലെ സുക്മ ബൈജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഇന്നലെയാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കോബ്ര യൂണിറ്റ്, സിആര്‍പിഎഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി സിആര്‍പിഎഫ് വ്യക്തമാക്കിയിരുന്നു.
മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.