വാളയാര്‍ ചെല്ലങ്കാവ് കോളനിയും നമ്പർ വൺ കേരളത്തിലാണ്
ഇപ്പോഴും കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത അനവധി പേര്‍ ഉണ്ട്.
പാലക്കാട്: കഴിഞ്ഞ ദിവസം മദ്യ ദുരന്തം നടന്നതോടെയാണ് വാളയാര്‍ ചെല്ലങ്കാവ് കോളനി വാർത്തകളിൽ ഇടംപിടിക്കുന്നത്. അരക്ഷിതാവസ്ഥയിൽ മുങ്ങിക്കിടക്കുന്ന ഈ കോളനിയും ഏറെ കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളത്തിലാണ്. അടച്ചുറപ്പുള്ള വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇവിടെ ഇല്ല. സംസ്ഥാനത്തെ ഒരു അധ്യായന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക് ഒതുങ്ങുമ്പോള്‍ ഇവിടുത്തെ കുട്ടികളില്‍ പലരും ഒരു ക്ലാസില്‍ പോലും ഇതുവരെയും പങ്കെടുത്തിട്ടില്ല.
നാടിനെ ആകെ നടുക്കിയ മദ്യ ദുരന്തത്തില്‍ നിന്നും ചെല്ലങ്കാവ് കോളനിയ്ക്ക് ഇതുവരെ മുക്തി നേടാനായിട്ടില്ല. ഇവര്‍ക്ക് ഉറ്റവരെയും ഉടയവരെയും ഒക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മറ്റ് സ്ഥലങ്ങളില്‍ നിന്നും കോളനിയിലേക്ക് ഒഴുകുന്ന മദ്യവും മയക്കുമരുന്നുമൊക്കെ നിയന്ത്രിക്കാന്‍ പോലിസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചെല്ലങ്കാവിന്റെ അരക്ഷിതാവസ്ഥ ഇത് കൊണ്ടൊന്നും തീരുന്നില്ല.
ഇപ്പോഴും കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത അനവധി പേര്‍ ഉണ്ട്. വീട് നിര്‍മിക്കാന്‍ പദ്ധതികൾ പലതും ഉണ്ടെങ്കിലും ഇതെല്ലാം ഇവർക്ക് അന്യമാണ്. കോളനിയിലെ മറ്റു പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയോ സ്മാര്‍ട്ട് ഫോണോ ഇവരുടെ പക്കല്‍ ഇല്ല. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർഥികൾക്കും സൗകര്യമൊരുക്കിയെന്ന സർക്കാർ ഹൈക്കോടതിക്ക് മുമ്പിൽ സമർപ്പിച്ച സത്യവാങ്മൂലം ഇതോടെ സംശയത്തിന്റെ നിഴലിലായി എന്നുവേണം കരുതാൻ.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച വകുപ്പ് മന്ത്രി പറഞ്ഞത് വാളയാർ ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്നാണ്. ചെല്ലങ്കാവ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ഉടനെ പൂർത്തിയാക്കുന്നതിനു ഒരു കോടി രൂപ പട്ടികവർഗ വികസന വകുപ്പ് നിർമിതി കേന്ദ്രത്തിന് ഇതിനോടകം നൽകിയിട്ടുണ്ട്. കോളനി വികസനത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കൃത്യമായി വകയിരുത്തുമെന്നുമാണ്.
കഴിഞ്ഞ നാലര വർഷക്കാലമായി കേരളത്തിലെ പട്ടിക ജാതി- പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായി തുടരുന്ന എകെ ബാലൻ പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ തരൂരിൽ നിന്നാണ് നിയമസഭയിലെത്തിയത്. ഇതേ ജില്ലയിലാണ് വാളയാർ ചെല്ലങ്കാവ് കോളനി സ്ഥിതി ചെയ്യുന്നതും. ഒരു മദ്യദുരന്തം വേണ്ടി വന്നു ജനപ്രതിനിധിക്ക് അവിടെ എത്തിപ്പെടാൻ എന്നത് നമ്പർ വൺ കേരളത്തിന്റെ യഥാർത്ഥ ചിത്രമാണ് മനസിലാക്കിത്തരുന്നത്.
