വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്നു ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ആകെ ഒമ്പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. വടക്കന്‍ പറവൂര്‍ സിഐയായിരുന്നു ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്.

Update: 2019-12-12 02:18 GMT

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വരാപ്പുഴ എസ്‌ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ആകെ ഒമ്പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. വടക്കന്‍ പറവൂര്‍ സിഐയായിരുന്നു ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആരോപണവിധേയനായ ഡിഐജി എ വി ജോര്‍ജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ ഒമ്പതു പേരെയാണ് പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗൂഢാലോചനയില്‍ എസ്പിയും പങ്കാളിയാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.എന്നാല്‍ പിന്നീട് എസ്.പിയെ വകുപ്പ് തല നടപടിയില്‍ നിന്ന് ഒഴിവാക്കുകയും തുടര്‍ന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.


Tags:    

Similar News