പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചന്നി തന്നെ; പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

Update: 2022-02-06 13:13 GMT

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിംഗ് ചന്നിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച ജലന്ധറില്‍ ഒരു വെര്‍ച്വല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും തങ്ങള്‍ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും നേരത്തെ തന്നെ നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു.

മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ട്ടിക്ക് പുറത്തുപോയതോടെയാണ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്. 117 അംഗങ്ങളുള്ള പഞ്ചാബ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Tags:    

Similar News