'ചന്ദ്രിക' അഴിമതി: കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയരുത്; വാർത്താ സമ്മേളനത്തിനിടെ മുഈൻ അലിക്ക് ഭീഷണി

വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ മുഈൻ അലി ശിഹാബ് നടത്തിയത്.

Update: 2021-08-05 13:44 GMT

കോഴിക്കോട്: ചന്ദ്രിക ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലിക്ക് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി. മുഈൻ അലി വിളിച്ച വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. വാർത്താ സമ്മേളനം പുരോ​ഗമിക്കവെയാണ് റാഫി മുഈൻ അലിയെ ആക്രോശിച്ചുകൊണ്ട് ലീ​ഗ് ഹൗസിലേക്ക് കയറിവന്നത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മുഈൻ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്‌ലെസ് എന്നായിരുന്നു മുഈൻ അലി തങ്ങൾക്കെതിരേ റാഫി ആക്രോശിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ മുഈൻ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മുഈന്‍ അലി പറഞ്ഞു.