ചന്ദ്രയാന്‍ 2 ജൂലൈയില്‍ കുതിക്കും; ലക്ഷ്യം ദക്ഷിണധ്രുവം

പേടകത്തില്‍ 14 പര്യവേക്ഷണ ഉപകരണങ്ങള്‍ (പേലോഡുകള്‍) ഉണ്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐഎസ്ആര്‍ഒ) അറിയിച്ചു.

Update: 2019-05-12 09:08 GMT

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ 'ചന്ദ്രയാന്‍2' ജൂലൈയില്‍ ആകാശത്തേക്കു കുതിക്കും. പേടകത്തില്‍ 14 പര്യവേക്ഷണ ഉപകരണങ്ങള്‍ (പേലോഡുകള്‍) ഉണ്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐഎസ്ആര്‍ഒ) അറിയിച്ചു. ദൗത്യം വിജയിക്കുകയാണെങ്കില്‍, ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രപേടകമാവുമിത്.

ജൂലൈ ഒമ്പതിനും 16നും ഇടയില്‍ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. 3800 കിലോഗ്രാം ഭാരംവരുന്ന 'ചന്ദ്രയാന്‍ രണ്ട്' പേടകത്തില്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടാവും. ഓര്‍ബിറ്റര്‍ ചന്ദ്രനുചുറ്റും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി നിലയുറപ്പിക്കും. വിക്രം എന്നാണ് ലാന്‍ഡറിനു പേരുനല്‍കിയിരിക്കുന്നത്. 'പ്രഗ്യാന്‍' എന്നു പേരിട്ടിരിക്കുന്ന റോബോട്ടിക് റോവര്‍, ലാന്‍ഡറില്‍നിന്നു വേര്‍പെട്ട് ഉപരിതലത്തില്‍ ചുറ്റിക്കറങ്ങി ഗവേഷണങ്ങളിലേര്‍പ്പെടും. സപ്തംബര്‍ ആറോടെ ലാന്‍ഡറിനെ ചന്ദ്രോപരിതലത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.  

Tags: