കൗണ്ട് ഡൗണ്‍ പുരോഗമിക്കുന്നു; ചന്ദ്രയാന്‍-2 ഇന്ന് കുതിച്ചുയരും

Update: 2019-07-22 01:45 GMT

ശ്രീഹരിക്കോട്ട: വിക്ഷേപണത്തിനൊരുങ്ങി ചന്ദ്രയാന്‍2. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ചന്ദ്രയാന്‍-2ന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകീട്ട് 6.43നാണ് ആരംഭിച്ചത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജൂലൈ 15ന് മാറ്റിവച്ച വിക്ഷേപണം ഇന്നുച്ചക്ക് 2.43നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്നും നടക്കും. പിഴവുകളെല്ലാം പരിഹരിച്ചുവെന്നും ഇത്തവണ വിക്ഷേപണത്തിനു തടസ്സങ്ങളൊന്നും നേരിടില്ലെന്നു അധികൃതര്‍ അറിയിച്ചുകൗണ്ട് ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്.

വിക്ഷേപണം വൈകിയെങ്കിലും നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ ചന്ദ്രനില്‍ ലാന്റ് ചെയ്യാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷ. ഇതിനായി ചന്ദ്രയാന്‍-2ന്റെ യാത്രാ പദ്ധതിയിലടക്കം ഐഎസ്ആര്‍ഒ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്ക് യാത്ര തിരിക്കേണ്ടത്. പുതിയ പദ്ധതി പ്രകാരം ഇത് 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ 7 ആക്കി മാറ്റി. എന്നാല്‍, ചന്ദ്രനെ വലംവയ്ക്കുന്ന ദിവസങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറിച്ചിട്ടുണ്ട്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43ാം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

Tags:    

Similar News