ചണ്ഡീഗഡില്‍ വനിതാ ഹോസ്റ്റലില്‍ വീഡിയോ ചോര്‍ന്ന സംഭവം: പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2022-09-19 02:47 GMT

ന്യൂഡല്‍ഹി: ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ വീഡിയോ ചോര്‍ന്നുവെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആരോപണ വിധേയയായ പെണ്‍കുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാള്‍ പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും ഷിംല പോലീസ് അറസ്റ്റ് ചെയ്തു പഞ്ചാബ് പോലീസിന് കൈമാറി. അതേസമയം ഇന്നും നാളേയും സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കെതിരായ സഹപാഠികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് സര്‍വകലാശാല അധികൃതരും പോലിസും പറയുന്നത്. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.

വനിതാ ഹോസ്റ്റലില്‍നിന്നും സഹപാഠി ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം . വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല അധികൃതരും, പോലീസും ആവര്‍ത്തിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്.

വനിതാ ഹോസ്റ്റലിലെ താമസക്കാരിയായ വിദ്യാര്‍ത്ഥിനി സഹപാഠികളായ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകര്‍ത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും സര്‍വകലാശാല അധികൃതര്‍ അത് അവഗണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്നലെ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു.

Tags:    

Similar News