ഹോസ്റ്റലില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: ചണ്ഡീഗഡ് സര്‍വകലാശാലക്ക് ഇന്നും നാളെയും അവധി
ന്യൂഡല്‍ഹി: ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിന്നും ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നു. ഇന്നലെ പിടിയിയിലായ ആരോപണ വിധേയയായ വിദ്യാര്‍ഥിനിയുടെ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പഞ്ചാബ് പോലിസിന് കൈമാറും. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്. ഇന്നും നാളേയും സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കെതിരായ സഹപാഠികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് സര്‍വകലാശാല അധികൃതരും പോലിസും പറയുന്നത്. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.
വനിതാ ഹോസ്റ്റലില്‍നിന്നും സഹപാഠി ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം . വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല അധികൃതരും, പോലിസും ആവര്‍ത്തിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ ആണ്‍സുഹൃത്തിനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വനിതാ ഹോസ്റ്റലിലെ താമസക്കാരിയായ വിദ്യാര്‍ത്ഥിനി സഹപാഠികളായ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകര്‍ത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും സര്‍വകലാശാല അധികൃതര്‍ അത് അവഗണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്നലെ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് രാവിലെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കേസെടുത്ത പോലിസ് ആരോപണം നേരിട്ട ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൊബൈലില്‍ വിദ്യാര്‍ത്ഥിനിയുടെ സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. പിന്നീട് മൊഹാലി എസ് പി മാധ്യമങ്ങളെ കണ്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥിനി മറ്റാരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ സര്‍വകലാശാലയും വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു.
ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രകോപിതരായി പ്രതിഷേധത്തിനിറങ്ങിയത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തായ ഷിംല സ്വദേശിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പിന്നീട് പഞ്ചാബ് ഐജി അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉത്തരവിട്ടിട്ടുണ്ട്.

