തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Update: 2020-11-22 13:28 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്നു കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍തലത്തിലെ നിയന്ത്രണങ്ങളില്‍ അയവുവരാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരും പോലിസും തിരഞ്ഞെടുപ്പ് തിരക്കുകളിലാവുന്നത് രോഗ വ്യാപനത്തിനു കാരണമായേക്കും.

    നിലവില്‍ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടായേക്കാം. സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുകാണുന്നുണ്ട്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാഫ് താഴോട്ടു പോവുന്നതിനു മുമ്പ് രണ്ടാംവരവിനു സാധ്യതയുണ്ടെന്നും വിദധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    ഡല്‍ഹിയിലെ കൊവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ തമ്മില്‍ മൂന്ന്-നാല് മാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ആ സാവകാശം കിട്ടിയിരുന്നില്ല. കൊവിഡ് കാല മുന്‍കരുതലുകളെ കുറിച്ച് വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പ് രംഗത്ത് ഇവ പാലിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. വീടുകള്‍ തോറും കയറിയിറങ്ങുന്ന സ്ഥാനാര്‍ഥികളും അണികളും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതിരിക്കല്‍, കൈ കൊടുക്കാതിരിക്കല്‍, മുതിര്‍ന്നവരെ തൊടുകയോ ചുംബിക്കുകയും ചെയ്യാതിരിക്കല്‍, കുട്ടികളെ കൈ കൊണ്ട് എടുക്കാതിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം.

chances to rise covid cases in kerala after local body polls experts

Tags:    

Similar News