സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Update: 2020-09-19 07:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതു പ്രകാരം ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകുന്നതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. നാളെയോടെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

കേരളാ തീരത്ത് 55 കിലോമീറ്റര്‍ വേഗതില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് ഇതുവരെ ശരാശരിക്കും മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News